മാല പൊട്ടിക്കാനും തീകൊളുത്താനും ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsനെടുമങ്ങാട്: സ്കൂട്ടറിൽ വന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും, ബൈക്കിൽ പിന്തുടർന്ന യുവാവിന് നേരെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച ശേഷം ബൈക്ക് ഉപേക്ഷിച്ചു കടന്ന മോഷ്ടാവ് പിടിയിൽ. തമിഴ്നാട് രാമേശ്വരം രാമനാഥപുരം വൈലത്തൂർ മുത്തുരാമപുരം കോളനിയിൽ നന്ദശീലൻ (25)ആണ് പിടിയിലായത്. കഴിഞ്ഞ പത്തിനായിരുന്നു സംഭവം. നെടുമങ്ങാട് കൊല്ലംകാവ് ദേവി ഭവനിൽ സന്തോഷിന്റെ ഭാര്യ സുനിതയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.
മകനെ സ്കൂളിൽ നിന്ന് സ്കൂട്ടറിൽ വിളിച്ച്കൊണ്ടു വരുമ്പോൾ പുത്തൻപാലം പനയഞ്ചേരിയിൽ വച്ചാണ് ഇവരെ ബൈക്കിൽ പിന്തുടർന്ന മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് സുനിതയും മകനും റോഡിൽ വീണു.
ഇത്കണ്ട് ശ്രമം ഉപേക്ഷിച്ചു കടന്ന മോഷ്ടാവിന്റെ പിറകെ വന്ന മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്നു. കല്ലമ്പാറയിൽ വെച്ച് വേട്ടമ്പള്ളി സ്കൂളിന് സമീപം താമസിക്കുന്ന കോട്ടയം സ്വദേശി ബന്നറ്റ് ഇയാളെ പിടികൂടി. ഇതിനിടെ പ്രതി കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ബന്നറ്റിന്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടുന്നതിനിടെ നന്ദശീലൻ തൊട്ടടുത്തുള്ള കിള്ളിയാറിൽ ചാടി രക്ഷപ്പെട്ടു. TN 64W 9574 നമ്പർ പതിച്ച ബൈക്കിലാണ് ഇയാൾ എത്തിയത്.
ബൈക്ക് കസ്റ്റഡിയിലെടുത്ത നെടുമങ്ങാട് പൊലീസ് ബൈക്കിന്റെ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതി പിടിയിലായത്. നന്ദശീലൻ ബി.എസ്.സി ബയോ കെമിസ്ട്രി വിദ്യാർഥിയാണ്. മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതിനും വധശ്രമത്തിനും ഇയാളെ പ്രതിയാക്കി നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.