സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ മോഷണം; പ്രതികൾ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ മോഷണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുലർച്ച രണ്ടോടെ ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ ഷട്ടർ കുത്തിെപ്പാളിച്ച് 18000 രൂപയും ചില സാധനങ്ങളും കവരുകയും ഷോപ്പിലെ സി.സി. ടി. വികളും കമ്പ്യൂട്ടറുകളും നശിപ്പിച്ച് മൂന്നുലക്ഷം രൂപയുടെ നഷ്ടം വരുത്തിവച്ച കേസിലെ നാലുപേരെയാണ് തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഉപേക്ഷിച്ച കമ്പ്യൂട്ടർ സി.പി.യു തോട്ടിൽനിന്ന് പ്രതികൾ കണ്ടെടുത്തു.
ഇരിഞ്ചയം കണ്ണൻകോട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ രാജേഷ് എന്ന കണ്ണൻ (26), ചെല്ലാംകോട് വാറുവിളാകത്തുപുത്തൻവീട്ടിൽ അനന്ദു എന്ന കിച്ചു(24), കരിങ്കട കുളവിയോട് കിഴക്കുംകര സജിഭവനിൽ സജിത്ത് എന്ന ബാബുകുട്ടൻ (19), പൂവത്തൂർ പാളയതുംമുകൾ പുനരധിവാസ കോളനി അശ്വതി ഭവനിൽ അച്ചു (26) എന്നിവരാണ് പിടിയിലായത്. സമീപദിവസങ്ങളിൽ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങൾ ഈ കേസിലെ അറസ്റ്റോടുകൂടി തെളിയിക്കാൻ നെടുമങ്ങാട് പൊലീസിന് സാധിച്ചു. വേങ്കവിള ക്ഷീരോൽപാദക സഹകരണസംഘം ഓഫിസ് കുത്തിത്തുറന്ന് 60500 രൂപ, എട്ടാംകല്ല് കിഴക്കേല ശിവക്ഷേത്രത്തിൽ നിന്ന് 5000 രൂപയും മൊബൈൽ ഫോണും നിരവധി വെങ്കല വിളക്കുകളും ഈ പ്രതികൾ കവർന്നിട്ടുണ്ട്.
കൂടാതെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും നിലവിളക്കുകളും ഈ പ്രതികൾ കവർന്നതായി സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി തൊണ്ടിമുതലുകൾ കണ്ടെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ധന്യ കെ.എസ്, എസ്.ഐമാരായ രവീന്ദ്രൻ, സുരേഷ് കുമാർ, എസ്.സി.പി.ഒ ബിജു, ശ്രീജിത്ത്, പ്രത്യേക അന്വഷണസംഘത്തിലെ എസ്.ഐമാരായ ഷിബു, സജു, എസ്.സി.പി.ഒമാരായ സതികുമാർ, ഉമേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.