അരുവിക്കര മോഷണം: ആറുപേർ പിടിയിൽ
text_fieldsനെടുമങ്ങാട്: അരുവിക്കര ചെറിയകൊണ്ണി കാവുനടയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. സംഭവത്തിൽ ഒരാൾ നേരത്തെ പിടിയിലായിരുന്നു. റൂറൽ എസ്.പിയുടെ ഷാഡോ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്തർ ജില്ല മോഷ്ടാക്കളായ വട്ടിയൂർക്കാവ് കടയിൽ മുടുമ്പു പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരി നഗർ സൗമ്യ ഭവനിൽ സുരേഷ് (38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ (ജിമ്മി, 46), കരകുളം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ (38), ഇടുക്കി കർണാപുരം കൂട്ടാർ പോസ്റ്റൽ അതിർത്തിയിൽ ചേലമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ (23) എന്നിവരെയാണ് വെഞ്ഞാറമൂട് പിരപ്പൻകോട് നിന്ന് ബുധനാഴ്ച പുലർച്ചെ അേഞ്ചാടെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കിയിൽനിന്ന് മറ്റൊരു മോഷണം ലക്ഷ്യമിട്ട് തിരുവനന്തപുരത്തേക്ക് വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അരുവിക്കരയിൽ ഭക്ഷ്യസുരക്ഷ ജീവനക്കാരിയുടെ വീട്ടിൽ കഴിഞ്ഞ 17നായിരുന്നു കവർച്ച നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു.
ഇപ്പോൾ പിടിയിലായ പ്രതികൾ കർണാടകയിലേക്ക് പോയതായി വിവരം ലഭിച്ചു. അന്വേഷണം നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല. മോഷണത്തിനായി ഉപയോഗിച്ച കാർ ഇടുക്കിയിൽനിന്ന് വാടകക്കെടുത്തശേഷം വ്യാജ നമ്പർ ബോർഡ് ഒട്ടിച്ച് എത്തിയാണ് മോഷണം നടത്തിയത്.
മോഷണത്തിനുശേഷം കാർ തിരികെ ഇടുക്കിയിൽ കൊണ്ടുപോയി കൊടുത്തു. തുടർന്ന് മോഷ്ടിച്ച പണം കൊണ്ട് മറ്റൊരു കാർ വാങ്ങി മോഷണം നടത്താൻ പദ്ധതി ഇടുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിടിയിലായവരിൽ നിന്നും കുറച്ച് സ്വർണാഭരണം കണ്ടെത്തിയിട്ടുണ്ട്.
ബാക്കി ഇടുക്കിയിൽ പല സ്ഥലങ്ങളിൽ പണയം വെച്ചിട്ടുണ്ട്. രാജേഷിന്റെ കാമുകിയായ രേഖ രാജേഷിന്റെ പേരിലാണ് ബാങ്കിൽ പണയം വെച്ചിരിക്കുന്നത്. ഇവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് മോഷണത്തിനായി കാർ വാടകക്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.