നെടുമങ്ങാട്ട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു
text_fieldsനെടുമങ്ങാട്: ക്ഷേത്രങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം നാല് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവ് എന്ന് കരുതുന്നയാളുടെ സി.സി ടി.വി ദൃശ്യം ലഭിച്ചു. നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും ഒരു മാസത്തിനിടെ 10 ഓളം കവർച്ച നടന്നു. കൂടുതലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. വേങ്കവിള ദുർഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന നിലയിലും പരിസരത്തെ പത്തോളം കാണിക്ക വഞ്ചികൾ തകർത്ത നിലയിലും കണ്ടെത്തി.
കമ്മിറ്റി ഓഫീസ് വാതിൽ തകർത്ത ശേഷം അകത്ത് കടന്ന മോഷ്ടാവ് അലമാര തകർത്ത് സ്വർണപ്പൊട്ടുകൾ മോഷ്ടിച്ചു. ഇവിടെനിന്ന് എത്ര രൂപയുടെ മുതൽ കവർന്നെന്ന് കണക്കാക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ്. ഇതേദിവസം പാറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നടവഴിയിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണമടങ്ങുന്ന പെട്ടി കവർന്നു. 1500രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഇവിടെനിന്ന് 200 മീറ്റർ മാറി പാറയിൽനട മേലാങ്കോട് ദേവീ ക്ഷേത്രത്തിലെ മേശയും ഓഫിസ് വാതിലും തകർത്തു. മാസങ്ങൾക്ക് മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ദിവസേന കാണിക്കകൾ ശേഖരിച്ച് മാറ്റുന്നതിനാൽ ഒന്നും മോഷണം പോയില്ല. പ്ലാവറ ശ്രീമഹിഷാസുര മർദ്ദിനി ദേവീ ക്ഷേത്രത്തിലും മോഷണം നടന്നു. ക്ഷേത്രത്തിലെയും ശ്രീകോവിലിലെ പൂട്ട് തകർത്തു. പുറത്തെ കാഷ് കൗണ്ടറിൽനിന്ന് കുറച്ച് പണം മോഷ്ടിച്ചു.
ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ തൊട്ടടുത്ത വീട്ടിലെ സി.സി ടി.വിയിൽനിന്ന് മോഷ്ടാവ് എന്ന് കരുതുന്നയാളുടെ ദൃശ്യം കിട്ടി.രണ്ടുദിവസം മുമ്പ് പനയമുട്ടം കോതകുളങ്ങര ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് പണം കവർന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച താന്നിമൂട് ചിറയിൽകോണം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകളും നാണയങ്ങളും കണ്ടെത്തി. ഇവ ഏതെങ്കിലും ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിൽനിന്ന് കവർന്നതാണെന്ന് കരുതുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.