നെടുമങ്ങാട് ജില്ല ആശുപത്രിയിലെ പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നില്ല
text_fieldsനെടുമങ്ങാട്: കൃത്യസമയത്തിന് മരുന്ന് ലഭിക്കാത്തതിനാല്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലെ പാലിയേറ്റീവ് രോഗികള്‍ ദുരിതത്തില്‍. മൂന്നുമാസമായി മരുന്നുകള്‍ കിട്ടുന്നില്ല. കാന്‍സര്‍, വൃക്ക രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായ 620 രോഗികളാണ് വേദന തിന്ന് വീടുകളില്‍ കഴിയുന്നത്. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്ന ക്ലറിക്കല്‍ വിഭാഗത്തിന്റെ പിടിപ്പുകേടാണ് പ്രശ്നത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങാൻ നഗരസഭ പണം നല്‍കിയിട്ടുണ്ടെങ്കിലും ചെലവഴിക്കുന്നില്ല. പുറത്ത് 700 മുതല്‍ 850 രൂപ വരെ വിലവരുന്ന മരുന്നുകളാണ് പാലിയേറ്റീവ് കെയര്‍ വഴി സൗജന്യമായി നല്‍കുന്നത്. വിതരണം നിലച്ചതോടെ വിലപിടിപ്പുള്ള മരുന്നുകള്‍ നിർധന രോഗികള്‍ക്ക് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്.
നഗരസഭ മരുന്നുകള്‍ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയാണ് നല്‍കിയത്. ഇതില്‍ പകുതിയിലധികം തുക ഇപ്പോഴും ട്രഷറിയിലുണ്ട്. പണമില്ലാത്തതിനാലാണ് മരന്നുകള്‍ വാങ്ങിനല്‍കാന്‍ കഴിയാത്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയര്പേഴ്ണ് സി.എസ്. ശ്രീജ പറഞ്ഞു.
പാലിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാര്‍ക്ക് മാറിവന്നശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പറയപ്പെടുന്നു. തുടർന്ന് ബില്ലുകളൊന്നും പാസാകുന്നില്ലത്രെ. പാലിയേറ്റീവ് രോഗികളെ ചികിത്സിക്കാൻ പോകുന്ന സംഘത്തിന് പ്രതിമാസം ആഹാരത്തിനായി നല്‍കിയിരുന്ന 6500 രൂപയും നിര്‍ത്തലാക്കി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, ഫിസിയോ തൊറപിസ്റ്റ് ഉള്‍പ്പടെയുള്ള സംഘമാണ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിലുള്ളത്. ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ ഓരോ ആറുമാസം കൂടുമ്പോഴും ഉദ്യാഗസ്ഥര്‍ മാറിവരുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.