നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsനെടുമങ്ങാട്: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസ് ജീവനക്കാരും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സർക്കാർ ജില്ല ആശുപത്രിക്കു സമീപം വെച്ച് 7.940 കിലോഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.
നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25), തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ ലിവിൻ രാജ് (25)എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന് വിളിക്കുന്ന അഖിൽ (27) ഓടി രക്ഷപ്പെട്ടു. അഖിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം ജില്ലയിൽ, പ്രത്യേകിച്ചും നെടുമങ്ങാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാനത്ത് നിന്നു കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്‍റെയും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, അജയകുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ നാസറുദ്ദീൻ, പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, അധിൽ, ഷജീർ, വനിത സിവിൽ ഓഫിസർ മഞ്ജുഷ, എക്സൈസ് ഡ്രൈവർ റീജു കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.