വാഹനത്തിൽ ചാരായം വെച്ച് സുഹൃത്തിനെ കള്ളക്കേസിൽ കുടുക്കിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: വാഹനത്തിൽ ചാരായം കൊണ്ടുവെച്ച് വാഹന ഉടമയെ കള്ളക്കസിൽ കുടുക്കാൻ ശ്രമിച്ച പ്രതികളിൽ രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കര ചിതറ മൂന്നുമുക്ക് വലിയവൻകോട് സുനിൽ വിലാസത്തിൽനിന്ന് പാലോട് പച്ച വട്ടക്കരിക്കകം ശരണ്യവിലാസത്തിൽ താമസിക്കുന്ന പൊടി എന്ന സജിലാൽ, പാങ്ങോട് മൈലമൂട് കൈതപ്പച്ച തടത്തരികത്ത് വീട്ടിൽ ജിത്ത് എന്ന പ്രേംജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം പ്രതിയായ പാങ്ങോട് വട്ടക്കരിക്കകം വലിയവൻകാട് ജിഹാസ് മൻസിലിൽ ജിഹാസിനെ പിടികിട്ടിയിട്ടില്ല. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ എട്ടിന് പാലോട് -ചിപ്പൻചിറ ഭാഗത്ത് വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ യാത്രക്കാരുമായി സമാന്തര സർവിസ് നടത്തിവന്ന ടെമ്പോയിൽനിന്ന് മൂന്ന് ലിറ്റർ ചാരായം കണ്ടെടുത്ത് വാഹന ഉടമയായ കുഞ്ഞുമോൻ എന്ന ഷാജഹാനെതിരെ കേസെടുത്തിരുന്നു.
തുടർന്നുള്ള അന്വേഷണം നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഏറ്റെടുത്തു. സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും പലതവണ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വാഹന ഉടമയെ കുടുക്കാൻ ശ്രമിച്ച സജിലാലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഷാജഹാനും സജിലാലും ചിതറ ഗവ എൽ.പി സ്കൂളിൽ ടെമ്പോ വാൻ ഓടിച്ചിരുന്നു. സജിലാൽ ഓട്ടത്തിൽ കിലോമീറ്ററിൽ കള്ളത്തരം കാണിച്ച വിവരം ഷാജഹാൻ സ്കൂളിലെ പ്രഥമാധ്യാപകനെ അറിയിച്ചു. ഇതിനെതുടർന്ന് സജിലാലിനെ സ്കൂളിൽനിന്ന് ഒഴിവാക്കി.
ഇതിലുള്ള വൈരാഗ്യംമൂലം ഷാജഹാനെ കേസിൽപെടുത്താനായി രണ്ട് സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി സുഹൃത്തായ പ്രേംജിത്തിന്റെ പക്കൽനിന്ന് 3000 രൂപക്ക് മൂന്ന് ലിറ്റർ ചാരായം വാങ്ങി ടെമ്പോ ഡ്രൈവർ ജിഹാസിന്റെ കൈവശം നൽകി പാലോട്-മടത്തറ റൂട്ടിൽ സമാന്തര സർവിസ് നടത്തുന്നതിനിടെ ഷാജഹാന്റെ വാഹനത്തിൽ കൊണ്ടുവെക്കുകയായിരുന്നു. തുടർന്ന് ഈ വിവരം വാമനപുരം എക്സൈസിൽ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.
നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടറായ എ. നവാസ്, പ്രിവന്റിവ് ഓഫിസർമാരായ അനിൽകുമാർ, നാസറുദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദ്ദീൻ, മുഹമ്മദ് മിലാദ്, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസറായ രജിത എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.