വഴയില–പഴകുറ്റി നാലുവരിപ്പാത നിര്‍മാണാരംഭം ആഗസ്റ്റിൽ -മന്ത്രി ജി.ആര്. അനില്‍
text_fieldsനെടുമങ്ങാട്: വഴയില മുതൽ പഴകുറ്റിവരെ നാലുവരിപാത നിര്‍മാണം ആഗസ്റ്റിൽ തുടങ്ങുമെന്ന് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോമീറ്ററും നെടുമങ്ങാട് ടൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരിനട വഴി 11ാം കല്ലുവരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ. റോഡുമാണ് നാലുവരിപ്പാതയാക്കുന്നത്. പദ്ധതിക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
15 മീറ്റർ ടാറിങ്ങും മധ്യത്തിൽ രണ്ട് മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെ 21 മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. മൂന്ന് റീച്ചുകളിലായാണ് നിര്‍മാണം. ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജങ്ഷന് വരെയുള്ള നാല് കിലോമീറ്റര്‍ സിവില്‍ വര്‍ക്കും പാലവും 79.4 കോടി രൂപക്കും കരകുളം ഫ്ലൈഓവര്‍ 50 കോടി രൂപക്കും ടെൻഡര്‍ ചെയ്തിരുന്നു.
ഇവ അംഗീകാരത്തിനായി സര്ക്കാറിലെത്തിയിട്ടുണ്ട്. ഉടന്‍ അംഗീകാരം ലഭ്യമാകും. ആദ്യ റീച്ചില്‍ ഏഴ് ഏക്കര്‍ 81 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 201 ഭൂവുടമകള്‍ക്കുള്ള പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 117,77,40,869 രൂപ വിതരണം ചെയ്തു. ഇനി 64 കുടുംബങ്ങൾക്കാണ് തുക വിതരണം ചെയ്യാനുള്ളത്.
ഇതില്‍ 36 പേർ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാത്തതായുണ്ട്. ഇവർ കിഫ്ബി എൽ.എ യൂനിറ്റ് ഒന്ന് തഹസിൽദാർ ഓഫിസിൽ എത്രയും വേഗം വസ്തുരേഖകൾ ഹാജരാക്കണം. ആദ്യ റീച്ചിലെ ബാലന്‍സ് നഷ്ടപരിഹാരതുകയായ 72.79 കോടി രൂപ കൂടി കിഫ്ബി കൈമാറിയിട്ടുണ്ട്.
തുക ലഭിക്കാനുള്ള മുഴുവന്‍ പേര്‍ക്കും ജൂലൈയില്‍ത്തന്നെ തുക ലഭ്യമാകും. കെല്‍ട്രോണ്‍ ജങ്ഷന് മുതൽ വാളിക്കോട് ജങ്ഷന് വരെയുള്ള രണ്ടാം റീച്ചിൽ 11 ഏക്കർ 34 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാൻഡ് റവന്യൂ കമീഷണർ അംഗീകരിച്ചിട്ടുണ്ട്.
ലാൻഡ് അക്വിസിഷന്‍ ഇനത്തില്‍ 173.89 കോടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. വാളിക്കോട് മുതൽ പഴകുറ്റി പമ്പ് ജങ്ഷൻ കച്ചേരി നട 11ാം കല്ല് വരെയുള്ള മൂന്നാം റീച്ചിൽ ആറ് ഏക്കർ 80 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 322.58 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.