സംരക്ഷണമില്ല; വെള്ളനാട്ടെ നീന്തല്‍ക്കുളം നശിക്കുന്നു
text_fieldsനെടുമങ്ങാട്: വെള്ളനാട് കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം ഒന്നര പതിറ്റാണ്ടിനു മുമ്പ് നിർമിച്ച നീന്തല്‍ക്കുളം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. നാടിന്റെതന്നെ പ്രതീക്ഷയായിരുന്ന നീന്തല്‍ക്കുളം ഭരണകർത്താക്കളുടെ അനാസ്ഥകാരണമാണ് പായല്മൂടി നശിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ കായികരംഗത്തോടു കാട്ടിയ അവഗണനയുടെ അടയാളമായി മാറുകയാണ് ശോച്യാവസ്ഥയിലായ കുളം.
നീന്തലിലൂടെ പുതുതലമുറയുടെ ആരോഗ്യവും തൊഴില്‍ സാധ്യതകളും മുന്നില്‍ കണ്ട് ആരംഭിച്ച കുളത്തിൽ ദിവസവും നൂറിലധികം കുട്ടികള്‍ പരിശീലനത്തിന് എത്തിയിരുന്നു. ഒന്നര പതിറ്റാണ്ടിനുമുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നീന്തല്‍ക്കുളത്തിന്റെ നവീകരണത്തിനായി വെള്ളനാട് ഗ്രാമപഞ്ചായത്ത് 45 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി വിനിയോഗിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ദാന പദ്ധതിയിലൂടെ 23 ലക്ഷം ചെലവിട്ട് പ്രാഥമിക നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. തുടര്‍ന്ന് 15 ലക്ഷം രൂപയുടെ ഫണ്ട് ചെലവാക്കി മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. കുട്ടികളുടെ പരിശീലനത്തിനുവേണ്ടി പ്രധാന കുളത്തിനൊപ്പം രണ്ടുചെറിയ കുളങ്ങളും നിര്‍മിച്ചു. കുളത്തിന് ചുറ്റുമതില്‍, പരിശീലനത്തിന് എത്തുന്നവര്‍ക്ക് വസ്ത്രങ്ങള്‍ മാറ്റുന്നതിന് മുറി, ശൗചാലയം എന്നിവ കൂടി സജ്ജമായത്തോടെ വെള്ളനാട്ടെ നീന്തല്‍ക്കുളം ജില്ലയിൽതന്നെ ശ്രദ്ധേയമായി.
ജില്ല അക്വാട്ടിക് മത്സരങ്ങളില്‍ ഇവിടെനിന്നുള്ള കുട്ടികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. പിന്നീട് സ്വിമ്മിങ് ക്ലബ് രൂപവത്കരിച്ച് കുളത്തിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തി.
കുളത്തിന്റെ നിലവാരം ഉയര്‍ന്നതോടെ സ്പോര്‍ട്സ് കൗണ്‍സിൽ താൽക്കാലികമായി ഒരു നീന്തല്‍ പരിശീലകനെ നിയമിച്ചു. തുടര്‍ന്ന് പരിശീലനത്തിനായി ധാരാളം കുട്ടികളും എത്തി. ഇക്കാലത്ത് 4.5ലക്ഷം വിനിയോഗിച്ച് കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പരിശീലകന് കൃത്യമായി പ്രതിഫലം നൽകിയില്ല. ഇതോടെ കാര്യങ്ങള്‍ അവതാളത്തിലായി. കുട്ടികളുടെ നീന്തല്‍ പരിശീലനം മുടങ്ങി. സമീപ പഞ്ചായത്തുകളില്‍നിന്നുപോലും നൂറുകണക്കിന് കുട്ടികളാണ് ഇവിടെനിന്നും പരിശീലനം നേടിയിരുന്നത്. ദേശീയ-സംസ്ഥാന നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയവരും ഇക്കൂട്ടത്തിലുണ്ട്. പിന്നീട് കണ്ണമ്പള്ളി നവോദയ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് പഞ്ചായത്തിന്റെ അനുമതിയോടെ ഇവിടെ വെക്കേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എന്നാൽ, കഴിഞ്ഞ രണ്ടു വര്‍ഷമായി നീന്തൽക്കു ളത്തിന്റെ കാര്യം ശോച്യാവസ്ഥയിലാണ്. പരിപാലിക്കാന്‍ ആളില്ലാതെ പായലും മാലിന്യവും അടിഞ്ഞ് കുളം നശിച്ചു. ഇതു നവീകരിച്ച് പഴയ അവസ്ഥയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.