ഭാര്യയുമായി ആശുപത്രിയിൽ പോയതിന് മുൻ കൗൺസിലർക്ക് പൊലീസിെൻറ പിഴ
text_fieldsനെടുമങ്ങാട്: രോഗിയായ ഭാര്യയുമായി ആശുപത്രിയിൽ പോകുകയായിരുന്ന മുൻ നഗരസഭ കൗൺസിലറെ തടഞ്ഞ് പൊലീസ് പിഴ ഈടാക്കിയതായി പരാതി. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്ന ഭാര്യക്ക് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി നാലു മണിക്കൂർ ഇടവിട്ട് നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തുവരികയാണ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.ജെ. ബിനു.
കോവിഡ് ബാധിതരുടെ അതിപ്രസരം കാരണം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാലാണ് ഡോക്‌ടറുടെ നിർദേശ പ്രകാരം സ്വവസതിയിൽ തന്നെ ക്വാറൻറീൻ ഇരിക്കുകയും സമയമനുസരിച്ച് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തുവന്നത്.കഴിഞ്ഞ ദിവസം വൈകീട്ട് ഭാര്യക്ക് ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാത്ത സാഹചര്യത്തിൽ ഭാര്യയെ ഇരുചക്ര വാഹനത്തിെൻറ പിൻസീറ്റിൽ ഇരുത്തി ആശുപത്രിയിലേക്ക് പുറപ്പെട്ട ബിനുവിനെ വാളിക്കോട് ജങ്ഷനിൽ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസാണ് തടഞ്ഞത്.
ആശുപത്രി രേഖകൾ സഹിതം കാണിച്ച് സബ്ഇൻസ്പെക്ടറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ മിനിറ്റുകളോളം അവിടെ തടഞ്ഞുെവക്കുകയും ഇതിനിടയിൽ ശ്വാസം ലഭിക്കാതെ ഭാര്യ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഇതുകണ്ട് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്‌ടറും ഒപ്പമുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്‌ടറും രോഗിയെ നല്ല അഭിനയമെന്നുപറഞ്ഞ് പരിഹസിച്ച് ചിരിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഒടുവിൽ പിൻ സീറ്റിൽ ഇരുന്ന രോഗിയായ ഭാര്യ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനമെന്ന നിലയിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കേണ്ട ഉത്തരവാദിത്തമുള്ള പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ രോഗിയെ വഴിയിൽ തടഞ്ഞിട്ട് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ജില്ല കലക്‌ടർക്കും ജില്ല പൊലീസ് മേധാവിക്കും വെർച്വലായി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.