വന്യമൃഗശല്യമേറി;കർഷകർ വലയുന്നു
text_fieldsനെടുമങ്ങാട്: കിഴക്കൻ മലയോര മേഖലയിലെ വന്യമൃഗശല്യം കർഷകരെ ദുരിതത്തിലാക്കുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഒരുകാലത്ത് കാര്‍ഷിക മേഖലയായിരുന്ന പല സ്ഥലങ്ങളും ഇപ്പോള്‍ തരിശുനിലങ്ങളും പൊന്തക്കാടുകളും നിറഞ്ഞ നിലയിലാണ്. അധ്വാനിച്ച് പാകപ്പെടുത്തുന്ന വിളകളെല്ലാം കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നശിച്ചതോടെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായത്.
നെല്‍കൃഷി നഷ്ടമായതോടെ പാടങ്ങളില്‍ വാഴ, കപ്പ, കാച്ചില്, ചേന എന്നിവയുള്‍പ്പെടെ എല്ലാ പച്ചക്കറികളും നേരത്തേ കര്‍ഷകര്‍ ഉല്പാദിപ്പിച്ചിരുന്നു. എന്നാല്‍, വന്യമൃഗങ്ങൾ കാരണം ഇപ്പോള്‍ ഇവയെല്ലാം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, വിതുര, തൊളിക്കോട് തുടങ്ങിയ വനമേഖല പ്രദേശങ്ങൾക്കു പുറമെ വെമ്പായം, പുല്ലമ്പാറ, പനവൂർ, ഉഴമലയ്ക്കൽ, നെടുമങ്ങാട് നഗരസഭയുടെ ചില പ്രദേശങ്ങളിൽ വരെ വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവായി. കാട്ടാനമുതൽ മയിലുകൾ വരെ കര്‍ഷകരുടെ ശത്രുക്കളായി. വിള നശിപ്പിക്കുന്നതിൽ കാട്ടുപന്നികളാണ് മുന്നിൽ. മനുഷ്യര്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും നേരേ കൂട്ടമായ ആക്രമണവും നടത്തുന്നുണ്ട്. കൃഷി ചെയ്യണമെങ്കില്‍ പുരയിടത്തിനു ചുറ്റും മതില് കെട്ടുകയോ തകരമോ വലയോ ഉപയോഗിച്ച് വേലി കെട്ടുകയോ ചെയ്യേണ്ടതായി വരും. ഇതിനുതന്നെ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. സോളാര്‍ വേലികള്‍ സ്ഥാപിച്ച് കൃഷിയിടങ്ങളെ സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം പലയിടത്തും നടപ്പായിട്ടില്ല.
വന്യമൃഗങ്ങളുടെ ശല്യത്തിനു പുറമെയാണ് മയിലുകളും കൃഷി നശിപ്പിചക്കുന്നത്. ഇതുമൂലം കിഴങ്ങ് വർഗകൃഷികളൊന്നും പറമ്പുകളിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നാണ് കർഷകരുടെ പരാതി. കൂട്ടമായാണ് മയിലുകൾ എത്തുന്നത്. വീട്ടുമുറ്റത്ത് കോഴികൾ മേയുന്ന വിധമാണ് മയിൽപട വരുക. മനുഷ്യരെ കണ്ടാലും ഇവ പിന്മാറാറില്ല. മലയോര പ്രദേശത്തുള്ള നെൽപാടങ്ങളിലാണ് മയിൽശല്യം രൂക്ഷം. പാടത്ത് കതിർ നിരന്നാൽ പിന്നെ മയിലുകളിൽനിന്നും നെല്ലിനെ രക്ഷിച്ചെടുക്കേണ്ട അധിക ചുമതലകൂടി കർഷകർക്ക് വരുന്നു.
കാട്ടിൽ നിന്നും തീറ്റ തേടി നാട്ടിൽ ഇറങ്ങിയിട്ട് തിരികെ പോകാത്ത വാനരപ്പടയാണ് കർഷകരുടെ മറ്റൊരു വെല്ലുവിളി. കർഷകരുടെ നിരന്തര പരാതികളെ തുടർന്ന് അടുത്തിടെ കുരങ്ങുകളെ പിടികൂടാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചു. കാട്ടു പന്നികളെ വെടിവെച്ചു പിടിക്കാൻ കർഷകർക്കു അനുവാദവും നൽകിയെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല. വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നാമമാത്രമാണന്നാണ് കർഷകരുടെ പരാതി. സർക്കാറിൽനിന്നും ഇവ നേടിയെടുക്കാൻ അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ, കൃഷി നശിക്കുന്ന കർഷകരിൽ 10 ശതമാനം പേരേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നുള്ളു. എന്നാലും ആവശ്യത്തിന് ഫണ്ടില്ലെന്നും അതിനാൽ അപേക്ഷിക്കുന്ന മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകാനാവില്ലെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.
കാലാവസ്ഥയും വന്യജീവികളും വരുത്തുന്ന കൃഷിനാശത്തിന് രണ്ടുതരം നഷ്ടപരിഹാരം നൽകുന്നതിലെ വൈരുധ്യം കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ല. മാത്രവുമല്ല നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാൽ പാസായിക്കിട്ടാൻ എടുക്കുന്ന കാലതാമസവും കർഷകരെ വലക്കുന്നു. കുറഞ്ഞത് ഒരു വർഷമെങ്കിലും കാത്തിരുന്നാലേ അപേക്ഷിക്കുന്നതിന്റെ പകുതി തുകയെങ്കിലും ലഭിക്കൂ. കർഷകന് മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷിവകുപ്പും ഇടപെടാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.