രണ്ടിടത്ത് കാട്ടുപന്നി ആക്രമണം: വിദ്യാർഥിനിക്കും വയോധികനും പരിക്ക്
text_fieldsനെടുമങ്ങാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. നെടുമങ്ങാട് കുശർകോട് പുന്നപുരത്തുവീട്ടിൽ പ്രഭാകരന്റെ മകൾ പ്ലസ് ടു വിദ്യാർഥി ആർഷ(17)ക്കാണ് പരിക്കേറ്റത്. വീടിനുസമീപം ബന്ധുവീടിന്റെ മുറ്റത്തുെവച്ച് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പന്നി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ആർഷയെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് നഗരസഭയുടെ ഭാഗമായ ഈ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. വനംവകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കൗൺസിലർ എം.എസ്. ബിനു പറഞ്ഞു.
വെഞ്ഞാറമൂട്: കാട്ടുപന്നി ആക്രമണത്തില്‍ വയോധികന് പരിക്ക്. കുന്നിട വിദ്യാഭവനില്‍ നാരായണന് നായര്‍ക്കാണ് (72) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് തങ്കമലക്ക് സമീപം കരിക്കകത്തായിരുന്നു സംഭവം. ബന്ധുവീട്ടില്‍ പോയി വയല്‍വരമ്പിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സമീപത്തെ തരിശുകിടന്ന വയലിലെ കളെച്ചടികള്ക്കിടയില് നിന്നിറങ്ങിയ പന്നി പിന്നാലെ വന്ന് കുത്തിമറിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ കാലിന് ആഴത്തില്‍ മുറിവേൽക്കുകയും അസ്ഥി പൊട്ടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പന്നിശല്യം വളരെ കൂടുതലാണെന്നും 10 വര്‍ഷമായി കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.