വനിത സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് -എം.വി. ഗോവിന്ദൻ
text_fieldsനെടുമങ്ങാട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വനിത സംവരണബില്‍ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പും വനിതകളെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള അടവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്‍.ജി.ഒ യൂനിയന്‍ നെടുമങ്ങാട് ഏരിയ കമ്മിറ്റിക്ക് നിര്‍മിച്ച വജ്രജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാറിന്റെ അവസാനകാലയളവിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ അവതരിപ്പിച്ചതിനു പിന്നിൽ സദുദ്ദേശ്യമല്ലെന്ന് ജനാധിപത്യബോധമുള്ള ആർക്കും മനസ്സിലാകും. ഈ സർക്കാറിന്റെ കാലത്ത് ബിൽ നടപ്പാകാൻ പോകുന്നില്ല.
സംവരണം പ്രായോഗികമാകണമെങ്കിൽ പൂർത്തീകരിക്കേണ്ട നിയമപരമായ നപടിക്രമങ്ങൾ ഇനിയും നടത്തിയിട്ടില്ല. സംവരണത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടാരാഞ്ഞ സുപ്രീംകോടതിക്ക് സി.പി.എം മാത്രമാണ് അനുകൂല മറുപടികൊടുത്തത്.
ഫാഷിസ്റ്റ് സർക്കാർ അവസാനഘട്ടത്തിൽ ചെയ്യുന്നതെല്ലാം ചെയ്യുകയാണ് മോദി സർക്കാർ. ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാനുള്ള ശ്രമം ആർ.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിയുടെ വർഗീയ ഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ഇന്ത്യ എന്ന ഐക്യശക്തി രൂപവത്കരിച്ചതിന്റെ ചൊരുക്കിലാണ് രാജ്യത്തിന്റെ പേരുമാറ്റാൻ പുറപ്പെട്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
യൂനിയൻ നേതാവ് ഇ. പത്മനാഭന്റെ ഛായാചിത്രത്തിന്റെ അനാച്ഛാദനം സി.പി.എം ജില്ല സെക്രട്ടറി വി. ജോയി നിര്‍വഹിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ, ട്രഷറർ വി.കെ. ഷീജ, ജില്ല പ്രസിഡന്റ് എം. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, ജില്ല സെക്രട്ടറി എസ്. സജീവ്കുമാർ, ഡോ. ഷിജുഖാൻ, ബി. അനിൽകുമാർ, പി. സുരേഷ് കുമാർ, ടി. സജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.