നെടുമുടിവേണു; പ്രേംനസീറിനെ ഫോട്ടോ കാണിച്ച് കുഴച്ച മാധ്യമപ്രവർത്തകൻ
text_fieldsതിരുവനന്തപുരം: നാടകത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയ നെടുമുടി വേണുവിന് ആദ്യ ജീവനോപാധി മാധ്യമപ്രവര്‍ത്തനമായിരുന്നു.ഗുരു കാവാലം നാരായണപ്പണിക്കരും സംവിധായകൻ അരവിന്ദനും ചേർന്നാണ് കലാകൗമുദിയിൽ കൊണ്ടെത്തിച്ചത്. 'ഇവൻ ഇവിടെ നില്‍ക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതുകൊണ്ട് എന്തെങ്കിലും ജോലി കൊടുക്കണം' എന്നാണ് അരവിന്ദൻ കൗമുദി പത്രാധിപരായ എം.എസ്. മണിയോട് ആവശ്യപ്പെട്ടത്.
ബോംബെ ലിറ്റില്‍ ബാലെ ട്രൂപ്പിെൻറ പഞ്ചതന്ത്രം ബാലെയെക്കുറിച്ച ലേഖനത്തിലൂടെ വേണു മാധ്യമരംഗത്ത് ഹരിശ്രീ കുറിച്ചു. തുടക്കക്കാരനായതുകൊണ്ട് ബീറ്റ് ഉണ്ടായിരുന്നില്ല. ഇഷ്ടവിഷയത്തെക്കുറിച്ച് എഴുതാം. മാധ്യമപ്രവർത്തനം ചുരുങ്ങിയ കാലംകൊണ്ട് ആവേശമായി മാറി. വൈകുന്നേരംവരെ മാധ്യമപ്രവർത്തന ജോലിയും ശേഷം നാടകങ്ങളുമായി കഴിഞ്ഞ കാലം.
കലാമണ്ഡലം ഹൈദരാലി, തായമ്പക കലാകാരന് തൃത്താല കേശവന് പൊതുവാൾ, സംഗീതജ്ഞരായ എം.ഡി. രാമനാഥന്, ചിട്ടി ബാബു തുടങ്ങിയവരെ മലയാളത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് നെടുമുടിയുടെ ലേഖനങ്ങളായിരുന്നു. കടമ്മനിട്ട പടയണിപോലുള്ള ഒറ്റപ്പെട്ട കലാരൂപങ്ങളെക്കുറിച്ചും അദ്ദേഹം എഴുതി. കലാകൗമുദി 'ഫിലിം മാഗസിന്' ആരംഭിച്ചതോടെയാണ് സിനിമരംഗത്തേക്ക് ശ്രദ്ധയൂന്നുന്നത്.
അക്കാലത്ത് ഇറങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രമുഖ നടന്മാരുടെയും സംവിധായകരുെടയും അഭിമുഖങ്ങൾ വരുന്നതുകൊണ്ട് വ്യത്യസ്ത കാര്യങ്ങൾ തേടിപ്പിടിക്കലിനായിരുന്നു വേണുവിന് താൽപര്യം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സപ്ലയര്‍, വിവിധ ജീവികളെ വാടകക്ക് കൊടുക്കുന്നവര്‍, കട്ടൗട്ട് വരയ്ക്കുന്നവർ തുടങ്ങി സിനിയമയുെട വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരാത്തവരെ വായനക്കാർക്ക് മുന്നിലെത്തിച്ചു. ഒരിക്കൽ പ്രേംനസീറിനെ അഭിമുഖം ചെയ്യാൻ പോയപ്പോൾ ചോദ്യം ചോദിക്കുകയായിരുന്നില്ല നെടുമുടി ആദ്യം ചെയ്തത്. പ്രേം നസീറിെൻറ കുറേ ഫോട്ടോകൾ കാണിച്ചു. ഇത് ഏത് ചിത്രങ്ങളിലേതാണെന്ന് തിരിച്ചറിയാമോ എന്നായിരുന്നു ആദ്യ ചോദ്യം. ഫോട്ടോകൾ കണ്ട പ്രേംനസീർ കുഴങ്ങി. കാരണം നല്ലൊരു ശതമാനം ചിത്രങ്ങളിലെയും വേഷങ്ങൾ ഒരുപോലെ.
മാധ്യമപ്രവർത്തകനായിരിക്കെ ഒരു വാണിജ്യ സിനിമ സംവിധായകനെ വേണു ഇൻറർവ്യൂ എടുക്കാൻ പോയതിെൻറ അനുഭവവും സുഹൃത്തുകൾ ഓർക്കുന്നു. ലക്ഷം രൂപം കിട്ടിയാല്‍ താൻ കാഞ്ചനസീത ചെയ്യുമെന്നായിരുന്നു സംവിധായകെൻറ വീമ്പുപറച്ചിൽ. ഇതുകേട്ടതും ഒരു ലക്ഷം പോര കൂടെ തലയില്‍ എന്തെങ്കിലും വേണമെന്ന് സംവിധായകെൻറ മുഖത്ത് നോക്കി തുറന്നടിച്ചു. എഴുതിക്കൊണ്ടിരുന്ന പേപ്പര്‍ മടക്കിെവച്ചശേഷം ഇത്തരം വിഡ്ഢിത്തമൊന്നും താൻ എഴുതില്ലെന്ന് പറഞ്ഞശേഷമായിരുന്നു അഭിമുഖം തുടർന്നത്.
വഴിതിരിച്ചുവിട്ട അഭിമുഖം
ഒരുദിവസം പത്രാധിപർ എം.എസ്. മണി വേണുവിനെ കാബിനിലേക്ക് വിളിപ്പിച്ചു. 'സംവിധായകന് ഭരതന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. ഹോട്ടല്‍ നികുഞ്ജത്തിലാണ് താമസം. അദ്ദേഹത്തിെൻറ അഭിമുഖം എടുക്കണം'. ഉടൻ നികുഞ്ജത്തിലേക്ക് പുറപ്പെട്ടു. ആ അഭിമുഖത്തോടെ വേണുവിെൻറ ജീവിതം മാറി. വേണുവിലെ നടനെ തിരിച്ചറിഞ്ഞ ഭരതൻ ഒരിക്കൽ പറഞ്ഞു. 'ആരവത്തിെൻറ കഥ കമല്‍ഹാസനുമായി ചര്‍ച്ചചെയ്ത് തീരുമാനിച്ചതായിരുന്നു. പക്ഷേ, എനിക്കിപ്പൊ തോന്നുന്നു, ആരവത്തിലെ മരുതിനെ അവതരിപ്പിക്കാന്‍ എന്തിനാണ് കമൽഹാസന്, വേണു പോരേ... വേണുവിനത് ചെയ്യാമെങ്കില്‍ ആരവം നമുക്ക് തുടങ്ങാം...' പ്രതീക്ഷയോടെ നോക്കിയ ഭരതന് ഉത്തരം നല്കാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.