ടൂറിസം കേന്ദ്രങ്ങളിൽ അവഗണനയുടെ മഴക്കാറ്; സംരക്ഷണപ്രവർത്തനങ്ങളിൽ കടുത്ത അനാസ്ഥ
text_fieldsശംഖുംമുഖം: കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികഘടനയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തി കടന്നുപോയ കോവിഡ് എന്ന മഹാമാരി ഏറ്റവും കൂടുതല്‍ തകര്‍ത്തത് ലോക വിനോദസഞ്ചാര വ്യവസായത്തിനെയാണ്. തകര്‍ന്ന് പോയ ടൂറിസംമേഖലയെ തിരിച്ചുപിടിക്കാന്‍ ലോകരാഷ്ട്രങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ ടൂറിസത്തിന് ഏറെ പ്രസക്തിയുള്ള 'ദൈവത്തിെൻറ സ്വന്തം'നാട്ടില്‍ പ്രകൃതി കനിഞ്ഞ് നല്കിയ ടൂറിസം സോണുകളെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.
ഉത്തരവാദിത്ത വിനോദസഞ്ചാര സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും പ്രകൃതിക്ക് ഇണങ്ങുന്ന നവീകരണങ്ങള്‍ ഒരുക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിലും വലിയ വീഴ്ചകളാണ് ടൂറിസം വകുപ്പിെൻറ കീഴില്‍ നിന്നും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാകുന്നത്. തലസ്ഥാനജില്ലക്ക് പ്രകൃതി കനിഞ്ഞ് നല്കിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് കോവളം, പൂവാര്‍, വേളി, ശംഖുംമുഖം, പൊന്മുടി, വര്‍ക്കല എന്നിവ. പ്രകൃതി നല്കിയ വരദാനങ്ങള്‍ അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇവിടങ്ങളിൽ ഇന്ന്.
അറബിക്കടലിെൻറ തിരമാലകളുടെ തലോടല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന തീരവും രാജഭരണത്തിെൻറ തിരുശേഷിപ്പുകളായി ഇന്നും തലയുയര്‍ത്തി നില്ക്കുന്ന കല്‍മണ്ഡപങ്ങളും ആറാട്ട്കുളവും ശംഖുംമുഖം ബീച്ചും ചരിത്രസ്മാരകങ്ങളും നാശത്തിലേക്ക് കൂപ്പ്കുത്തിയ അവസ്ഥയാണ്. ബീച്ചിലേക്കുള്ള റോഡ് തകര്‍ന്നിട്ട് കൊല്ലങ്ങളായി. റോഡിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ പിന്നിടുന്നതല്ലാതെ കാര്യമായ മാറ്റങ്ങള്‍ ഇല്ല. സംസ്ഥാനത്ത് തന്നെ ഇത്രയും സുരക്ഷിതമായ മറ്റൊരു ബീച്ച് ഇെല്ലന്നതാണ് യാഥാർഥ്യം. കുട്ടികള്‍ക്ക് വരെ കടലില്‍ ഇറങ്ങി കളിക്കാന്‍ കഴിയുമെന്നതാണ് ശംഖുംമുഖം ബീച്ചിെൻറ പ്രത്യേകത. സൂനാമി പുനരധിവാസ ഫണ്ടില്‍ നിന്ന് 2.37 കോടി ചെലവാക്കി ബീച്ചിന് സമീപത്തായി നിര്‍മിച്ച പാര്‍ക്ക് പോലും സംരക്ഷണം ഇല്ലാതെ കാടുകയറി നശിച്ച നിലയിലാണ്.
ടൂറിസം വകുപ്പ് തിരിഞ്ഞുനോക്കാത്ത പൂവാര്‍
പ്രകൃതി കനിഞ്ഞുനല്കിയ അനന്തവിശാലമായ വമ്പന്‍ ടൂറിസം സാധ്യതകളുള്ള പൂവാറിനെ തിരിഞ്ഞുനോക്കാന്‍ ടൂറിസം വകുപ്പ് തയാറാകാത്ത കാരണം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ തലസ്ഥാനത്തിെൻറ മുഖമുദ്രയാകേണ്ട പൂവാര്‍ സ്വകാര്യ മാഫിയകളുടെ കൈപ്പിടിയിലൊതുങ്ങി നില്ക്കുന്നു. പൂവാറിെൻറ സൗന്ദര്യം കേട്ടറിഞ്ഞ് സ്വദേശികളും വിദേശികളുമായ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും പൂവാറിെൻറ ടൂറിസം സാധ്യതകള്‍ വിനിയോഗപ്പെടുത്താന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല.
പൂവാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസോട്ടുകളുടെയും ബോട്ടു ക്ലബുകളുടെയും െസെറ്റുകള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളാണ് പൂവാറിെൻറ സൗന്ദര്യം തിരിച്ചറിഞ്ഞ് ഇവിടേക്കെത്തുന്നത്. പൂവാറിെൻറ വശ്യമനോഹര പ്രകൃതിഭംഗി വിദേശികളുടെ മനംകവരാന്‍ തുടങ്ങിയത് 15 വര്‍ഷം മുമ്പാണ്. വിദേശികെളത്താന് തുടങ്ങിയതോടെ സ്വകാര്യ ഹോട്ടല്‍ ശൃംഖലകളും പൂവാറില്‍ കേന്ദ്രമുറപ്പിച്ചു. കടലും കായലും സംഗമിക്കുന്ന വശ്യമനോഹരദൃശ്യങ്ങളാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. അഗസ്ത്യമലയില്‍നിന്ന് ഒഴുകിെയത്തുന്ന നെയ്യാറിെൻറ ഒരുഭാഗം പൂവാറിലെ കടലില്‍ അവസാനിക്കുന്നു. ഇൗ സംഗമഭൂമിയാണ് സഞ്ചാരികളുടെ പ്രാധന ആകര്‍ഷണ കേന്ദ്രം. ഇവിടേെക്കത്താന്‍ ആറിലൂടെയുള്ള ബോട്ട് സവാരി സഞ്ചാരികള്‍ക്ക് മനോഹരകാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. കോവളെത്തത്തെുന്ന വിദേശികളില്‍ ഭൂരിഭാഗം പേരും പൂവാര്‍ തീരത്തിെൻറ മനോഹാരിത ആസ്വദിക്കാന്‍ ഇവിടെയെത്താറുണ്ട്. ടൂറിസം രംഗത്ത് പൂവാറിന് തെക്കന്‍ കോവളമെന്ന പേരും ലഭിച്ചു. കോവിഡ് കാലത്ത് നിലച്ച സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും പൂവാറില്‍ തുടങ്ങിയെങ്കിലും എല്ലാം സ്വകാര്യവ്യക്തികളുടെ കൈകളിലാണ്.
പൂവാറില്‍ കപ്പല്‍ നിര്‍മാണശാല കൂടെ എത്തുന്നതോടെ കൂടുതല്‍ പ്രശസ്തിയേറും. എന്നാല്‍ പൂവാറിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാനോ പൊഴിക്കര സംരക്ഷിച്ച് ടൂറിസം വികസിപ്പിക്കാനോ ടൂറിസം വകുപ്പ് തയാറാകുന്നില്ലന്ന അക്ഷേപം നിലവില്‍ക്കുകയാണ്. ഇതുകാരണം സ്വകാര്യ ബോട്ടുകളാണ് അധികവും സുരക്ഷ സംവിധാനങ്ങളില്ലാതെ സഞ്ചാരികളുമായി കുതിപ്പ് നടത്തുന്നത്.
അതിജീവനത്തിനായി കേഴുന്ന വേളി
തെളിനീര്പ്പരപ്പില് ആവേശത്തുഴയെറിഞ്ഞ് മുന്നേറിയിരുന്ന വേളി ടൂറിസ്റ്റ്് വില്ലേജ് ഇന്ന് നിലയില്ലാകയത്തില് മുങ്ങുകയാണ്. കൂര്‍ത്ത ചൂണ്ടുകളുമായി കുഞ്ഞോളങ്ങളെ മുറിച്ച് പറക്കുന്ന നീര്‍പക്ഷിയെ പോലെ മെല്ല കൈതോടുകള്‍ താണ്ടി ഒഴുകുന്ന വള്ളങ്ങള്‍, ചാഞ്ഞ തെങ്ങുകള്‍, ഇരുകരകളിലും പച്ചപ്പുകള്‍ ചേര്‍ന്നൊരുക്കുന്ന പരപ്പ്, കടലും കായലും മുത്തമിടുന്ന പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍, ഇതാണ് വേളി ടൂറിസ്റ്റ് വില്ലേജിനെ രാജ്യാന്തരതലത്തില്‍ അടയാളപ്പെടുത്തിയിരുന്ന ചിത്രങ്ങള്‍.
ഇതിന് പുറമേ അഞ്ച് ഗതാഗത മാര്‍ഗങ്ങളും സന്ധിക്കുന്ന ഒരപൂര്‍വ സംഗമതീരമായിട്ടാണ് വേളിയെ അന്താരാഷ്ട്ര ടൂറിസ്റ്റ് ഭൂപടത്തിലും വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരം അടയാളപ്പെടുത്തലുകളും അന്താരാഷ്ട്ര ഭൂപടവും കണ്ട് വേളിയില്‍ എത്തിയാല്‍ മുക്ക് പൊത്തി തിരികെ മടങ്ങേണ്ട അവസ്ഥയാണ്. ടൂറിസം വില്ലേജിെൻറ മുഖച്ഛായ തന്നെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷങ്ങള്‍ മുടക്കി മനോഹരങ്ങളായ ശില്പങ്ങള് നിര്‍മിച്ചത്. എന്നാലവ സംരക്ഷമമില്ലാതെ ഇന്ന് മണ്ണിനടിയിലും വെള്ളത്തിലുമാണ്.
ടൂറിസ്റ്റ് വില്ലേജിന് സമീപത്തായി അമ്യൂസ്മെൻറ് പാര്‍ക്ക് നിര്‍മിക്കുമെന്ന വര്‍ഷങ്ങളായുള്ള സര്‍ക്കാര്‍ പ്രഖ്യാപനമാണ് വര്‍ഷങ്ങളായി ജലരേഖയായി തുടരുന്നത്. 2000ത്തില്‍ അമ്യൂസ്മെൻറ് പാര്‍ക്കിനായി 20ഓളം കുടുംബങ്ങളെ കുടിയെഴിപ്പിച്ച് 28 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എറ്റെടുത്തിരുന്നു.
2001 മാര്‍ച്ച് 14ന് അന്നത്തെ ടൂറിസം മന്ത്രി ചന്ദ്രശേഖരന് നായര്‍ അമ്യൂസ്മെൻറ് പാര്‍ക്കിെൻറ ശിലാസ്ഥാപനം നിര്‍വഹിച്ചു. ദുബൈ കേന്ദ്രമായ സതോണ് ഫണ്‍സിറ്റി എന്ന മള്‍ട്ടി നാഷനല്‍ കമ്പനിക്ക് നിര്‍മാണ കരാറും നല്കി. കമ്പനി ലക്ഷങ്ങള്‍ മുടക്കി ഉദ്ഘാടന ചടങ്ങും നടത്തി. പിന്നീടൊന്നും നടന്നില്ല. ഇതോടെ ഏറ്റെടുത്ത സ്ഥലം വര്‍ഷങ്ങളായി കാടുകയറി കിടക്കുകയാണ്. ഇൗസ്ഥലത്ത് പിന്നീട് ഉസ്താദ് അംജത്അലിഖാനും സംഗീതസംവിധായകന് ഇളയരാജക്കും മ്യൂസിക് അക്കാദമികള്‍ തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെങ്കിലും അതും ഫയലില്‍ ഉറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.