റെയിൽവേ മേൽപാല നിർമാണത്തിലെ അവഗണന; ചിറയിൻകീഴ് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsചിറയിൻകീഴ്: റെയിൽവേ മേൽപാല നിർമാണ അവഗണനയിൽ പ്രതിഷേധിച്ച് ചിറയിൻകീഴിൽ വ്യാപാരികൾ പ്രക്ഷോഭത്തിൽ. ബുധനാഴ്ച കടയടപ്പ് സമരവും സർക്കാർ കാര്യാലയങ്ങൾ ഉപരോധവും നടത്തും.
മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപാല നിർമാണം പൂർത്തിയാക്കാത്തതിനാൽ വ്യാപാരികളും ജനങ്ങളും ദുരിതത്തിലാണ്. നിരവധി സ്ഥാപനങ്ങൾ വ്യാപാരം നടത്താനാകാതെ പൂട്ടിക്കഴിഞ്ഞു. പല വ്യാപാരികളും വ്യാപാരമാന്ദ്യം കാരണം ആത്മഹത്യയുടെ വക്കിലാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിന് ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മേൽപാലം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന അധികൃതർ കുറ്റകരമായ അലംഭാവമാണ് വരുത്തിയിരിക്കുന്നത്.
മേൽപാലം പൂർത്തിയാക്കിയാലേ, തീരദേശപ്രദേശങ്ങളിലേക്കും തിരിച്ചും ജനങ്ങൾക്ക് സുഗമമായ യാത്ര മാർഗം ഉറപ്പാക്കാനാവൂ. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ ആശ്രയിച്ച് ചികിത്സക്കെത്തുന്ന ആയിരക്കണക്കിന് സാധാരണ രോഗികൾ മൂന്നുവർഷമായി യാത്രാക്ലേശം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഓട്ടോ-ടാക്സി തൊഴിലാളികൾക്കും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരും പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രീയമായ പകപോക്കലും പരസ്പര പഴിചാരലും അവസാനിപ്പിച്ച്, മേൽപാലം പൂർത്തീകരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലുള്ള സമര പരിപാടി ബുധനാഴ്ച നടക്കും.
പഞ്ചായത്ത്, വില്ലേജ് കാര്യാലയങ്ങൾ വ്യാപാരികൾ ഉപരോധിക്കും. ജില്ല പ്രസിഡൻറ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വ്യാപാരികൾ നടത്തുന്ന കടയടപ്പ് പ്രതിഷേധ സമരത്തിന് ജനകീയ പ്രതിരോധ സമിതി ചിറയിൻകീഴ് മേഖല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.