വിളവൂര്‍ക്കലില്‍ 26 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsനേമം: വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 26 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ ആറു മുതലാണ് നായുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നാലു വരെയും വിവിധ സ്ഥലങ്ങളില്‍ നായ് ജനങ്ങളെ ആക്രമിച്ചു.
പൊറ്റയില്‍ മൂലവിളാകം സ്വദേശി വത്സല, പെരുകാവ് സ്വദേശി റാസമ്മ, ഈഴക്കോട് സ്വദേശി ഗിരിജ, പണ്ടാരക്കുളം സ്വദേശി ശരണ്‍ കൃഷ്ണ, പാലോട്ടുവിള സ്വദേശികളായ ഗോപാലകൃഷ്ണന്‍ നായര്‍, അഭിജിത്ത്, മണിയന്‍, രവീന്ദ്രന്‍, രാജ്കുമാര്‍, വസന്ത, ഷാജി, വേങ്കൂര്‍ സ്വദേശി ജയ, മലയിന്‍കീഴ് സ്വദേശി ആന്റണി അഗസ്റ്റിന്‍, മലയം സ്വദേശികളായ വാമദേവന്‍, യദു മോഹന്‍ എന്നിവര്‍ക്കാണ് നായുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.
ഭൂരിഭാഗം പേര്‍ക്കും കാലുകള്‍ക്കാണ് കടിയേറ്റത്. 15 പേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും അഞ്ചുപേര്‍ മലയിന്‍കീഴ് മണിയറവിള ആശുപത്രിയിലും ബാക്കിയുള്ളവര്‍ സ്വകാര്യാശുപത്രിയിലുമാണ് ചികിത്സ തേടിയത്. കടിച്ചത് ഒരേ നായാണെന്നും ഒന്നില്‍ക്കൂടുതല്‍ നായ്ക്കള്‍ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്.
പരിക്കേറ്റവരെ ഓഫിസ് വാര്‍ഡ് മെംബര്‍ ജി.കെ. അനിലും മൂലമണ്‍ വാര്‍ഡ് മെംബര്‍ സി. ഷിബുവും സന്ദര്‍ശിച്ചു. കടിച്ചത് പേപ്പട്ടിയാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജി.കെ. അനില്‍ ആവശ്യപ്പെട്ടു.
മൃഗസംരക്ഷണവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വിളവൂര്‍ക്കലിലെ നായ്ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകൾ അധികൃതര്‍ അവഗണിച്ചതാണ് സംഭവത്തിന് കാരണമെന്നും സി. ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.