മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം; കടയുടമക്കും കുടുംബത്തിനുംനേരേ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ
text_fieldsനേമം: മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വയോധികനും യുവതിക്കും ഉൾപ്പെടെ കമ്പിപ്പാരകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്ക്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടി. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നരുവാമൂട് പള്ളിച്ചല്‍ മുളമൂട് ഗോകുലം വീട്ടില്‍ സോമന് നാടരുടെ (82) കടയുടെ മുന്നിൽ സമീപത്ത് താമസിക്കുന്ന യുവാവിനെ കാണാനെത്തിയ സുഹൃത്തുക്കൾ മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ വിഷ്ണു മോഹന്‍ (39), മലയിന്‍കീഴ് ഗോവിന്ദമംഗലം പ്ലാങ്കാലവിള വീട്ടില്‍ രാഹുല്‍ (29), മാറനല്ലൂര്‍ കൂവളശ്ശേരി കടുക്കറക്കോണം വിശ്വഭവനില്‍ വിനോദ് (43), മാറനല്ലൂര്‍ ഊരുട്ടമ്പലം കാരണംകോട് സുഭദ്ര ഭവനില്‍ പ്രവീണ്‍ (33), മാറനല്ലൂര്‍ ഊരുട്ടമ്പലം വാണിയംകോട് മോഹനവിലാസത്തില്‍ ശ്രീരാജ് (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഭാര്യവീടിന് സമീപത്ത് സോമന് നാടാര്‍ പതിവായി മൂത്രമൊഴിക്കുന്നത് മുളമൂട് സ്വദേശിയായ രതീഷ് ചോദ്യംചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് അവഗണിച്ച് ആവർത്തിച്ചു. കഴിഞ്ഞദിവസം രതീഷിനെ കാണാനെത്തിയ സുഹൃത്തുക്കള്‍ ഇവിടെ ഇരുന്ന് മദ്യപിക്കുകയും സോമന്‍നാടാരുടെ വിഷയം സംസാരിക്കുകയും ചെയ്തു. തുടർന്നാണ് അയാൾ കാണുന്ന രീതിയില്‍ സംഘം കടയുടെ മുന്നിൽ മൂത്രമൊഴിച്ചത്. തുടർന്നായിരുന്നു വാക്കേറ്റവും ആക്രമണവും. കമ്പിപ്പാരകളുമായെത്തിയ സംഘം സോമന്നാടരുടെ വീട്ടില്‍ അതിക്രമിച്ച് ആക്രമിക്കുകയായിരുന്നു. സോമന് നാടാര്‍ക്കും പിടിച്ച് മാറ്റാന്ചെന്ന മകള്‍ ഗോപിക, മകന് തുളസീധരന്‍, ബന്ധു ശിവാനന്ദന് എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു.
കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റ് സോമന് നാടാരുടെ തലക്കും നടുവിനും പൊട്ടാലും കാലിലും വിരലിനും പരിക്കും സംഭവിച്ചു. തലയില്‍ 14 തുന്നലുണ്ട്. വാരിയെല്ലിനും തകരാറുണ്ട്. തടയാന്‍ശ്രമിച്ച ശിവാനന്ദന് തലയില്‍ അടിയേറ്റ് 12 തുന്നലുണ്ട്. ഗോപികയുടെ ഇടത് തോളിലും മുതുകിലുമാണ് മർദനമേറ്റത്. തുളസീധരന്‍ തലയില്‍ എട്ടോളം തുന്നലുണ്ട്. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ സ്വീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.