മദ്യപിച്ച് വാക്കുതർക്കം; മകൻെറ കുത്തേറ്റ് പിതാവ് മരിച്ചു
text_fieldsനേമം: മദ്യപിച്ച് പരസ്പരമുണ്ടായ വാക്കുതർക്കത്തിനിടെ മകൻറെ കുത്തേറ്റ് പിതാവ് മരണപ്പെട്ടു. നേമം കാരയ്ക്കാ മണ്ഡപം സെൻറ് ആൻറണീസ് ചർച്ചിനു സമീപം കാനത്തുവിള വീട്ടിൽ വാടകക്ക് താമസിക്കുന്ന ഏലിയാസ് (80) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്ലീറ്റസിനെ (52) നേമം പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. ഏലിയാസിൻറെ ഭാര്യ വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടിരുന്നു. പിതാവും മകനും മാത്രമാണ് വാടകവീട്ടിൽ താമസിക്കുന്നത്. സംഭവദിവസം ഇരുവരും നല്ലവണ്ണം മദ്യപിക്കുകയും പരസ്പരം വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന ക്ലീറ്റസ് കത്രിക ഉപയോഗിച്ച് പിതാവിൻറെ കഴുത്തിന് കുത്തുകയായിരുന്നു. പരിശോധനയിൽ ഏലിയാസിൻറെ കഴുത്തിന് ആഴത്തിലുള്ള മുറിവുള്ളതായി കണ്ടെത്തി. ബഹളംകേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും ഏലിയാസ് മരണപ്പെട്ടിരുന്നു.
കുറെനാളുകളായി പിതാവും മകനും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാകുമായിരുന്നുവെന്നും പൊലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു വന്നിരുന്നതായും നാട്ടുകാർ പറഞ്ഞു. നേമം പൊലീസ് സ്ഥലത്തെത്തി ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തു. പിതാവ് തന്നെ പട്ടികകൊണ്ട് തലയ്ക്കടിച്ചുവെന്നും ഇതിലുള്ള വിരോധം നിമിത്തമാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നുമാണ് ക്ലീറ്റസ് പറയുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സൂസമ്മയാണ് ഭാര്യ. ജോസഫ് ഹിലാരി, മേരിപുഷ്പം എന്നിവർ മക്കളാണ്. നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ലീറ്റസിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.