കരുമത്ത് വീടിനുനേരേ ആക്രമണം; നാല് അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്
text_fieldsനേമം: കരുമം കണ്ണന്‍കോട് കോളനിയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിനുനേരെ നാലംഗസംഘത്തിന്റെ ആക്രമണം. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വീടിന്റെ ഡോറിന്റെ ചില്ലുകള്‍ തകര്‍ന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളായ അരവിന്ദ് കിന്റോ, നിര്‍മല്‍ റോയി, പത്രി, സുബസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളനിയില്‍ താമസിക്കുന്ന 32കാരനായ ബസന്തോ റോയിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കരുമം സ്വദേശിയായ കിരണ്‍, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവരെ പ്രതിചേര്‍ത്ത് നേമം പൊലീസ് കേസെടുത്തു. കരുമം കോളനിയില്‍ ഒരു ഹോളോബ്രിക്സ് സ്ഥാപനത്തില്‍ ജോലിക്കെത്തി ഇവിടെ വീടെടുത്തു താമസിച്ചു വരികയായിരുന്നു തൊഴിലാളികള്‍. മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായതെന്നു തൊഴിലാളികള്‍ പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. വീട്ടിലെത്തിയ സംഘം ഇവരെ അസഭ്യം പറഞ്ഞശേഷം കൈയിലുണ്ടായിരുന്ന മണ്‍വെട്ടികൊണ്ട് ഡോറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
തുടര്‍ന്നാണ് നാലു തൊഴിലാളികളെയും മര്‍ദ്ദിച്ചത്. ഒരാളുടെ തലയുടെ മുന്‍വശത്താണ് പരിക്ക്. മറ്റൊരാളുടെ തലയുടെ പിറകില്‍ ആഴത്തിലുള്ള മുറിവേറ്റു. മൂന്നാമത്തെയാളിന്റെ തലയ്ക്കു പരിക്കേല്‍ക്കുകയും ഇടതുകൈക്ക് ഒടിവു പറ്റുകയും ചെയ്തു. നാലാമത്തെ തൊഴിലാളിയുടെ കവിളിന് ആയുധംകൊണ്ട് മുറിവേറ്റിട്ടുണ്ട്. നാലുപേരും നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പ്രതികളുടെ ആക്രോശം കേട്ട് സംഭവം ഒരാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഇവര്‍ ഇതു തെളിവായി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും നേമം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.