പെട്രോൾ പമ്പിലെ ആക്രമണം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsനേമം: പെട്രോൾ പമ്പ് ആക്രമണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ മലയിൻകീഴ് പൊലീസ് പിടികൂടി. മലയിൻകീഴ് പെരുകാവ് പൊറ്റവിള ഷീജ ഭവനിൽ റാവുത്തർ എന്ന അജിത്ത് (22), വിളവൂർക്കൽ പേയാട് കുന്നിൽവിള കൈലാസ് ഭവനിൽ കണ്ണാടി വിഷ്ണു എന്ന വിഷ്ണു (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിയോടെയാണ് പേയാട്-പള്ളിമുക്ക് റോഡിലെ ശാസ്താ ഫ്യുവൽസ് പമ്പിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഉൾപ്പെട്ട സുധി, മഹാദേവൻ എന്നിവരെ അന്വേഷിച്ചാണ് മലയിൻകീഴ് സി.ഐ ടി.വി ഷിബു, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
പൊലീസ് വരുന്നറിഞ്ഞ് അജിത്തും വിഷ്ണുവും പൊലീസിനെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ അജിത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന സുധി ഇറങ്ങി ഓടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാൾക്ക് വീണ് പരിക്കേറ്റു.
പരിക്കേറ്റ സുധിയെ പൊലീസ് തന്നെ ഇടപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മറ്റൊരു പ്രതിയായ മഹാദേവനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സുധിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഒരാഴ്ച മുമ്പാണ് പെട്രോൾ പമ്പിന് നേരേ ആക്രമണം ഉണ്ടാകുന്നത്. പമ്പിലെ ജീവനക്കാരായ ശ്രീജയൻ, സുരേഷ് കുമാർ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പമ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്ത് (23), സഹോദരൻ അജിത്ത് (20), മുട്ടട സ്വദേശി അനസ് (21) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ അജിത്ത്, വിഷ്ണു എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.