യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsനേമം: മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആറ്റുകാൽ പാടശ്ശേരി പണയിൽ വീട്ടിൽ ശരത് കുമാറിനെയാണ് (25) കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് രാത്രി 11 നാണ് കരമന കീഴാറന്നൂർ സ്വദേശിയായ അരുൺ ബാലുവിനെയും കൂട്ടുകാരായ മറ്റ് നാലുപേരെയും ശരത്കുമാറിെൻറ നേതൃത്വത്തിലുള്ള ആറംഗസംഘം ആക്രമിച്ചത്.
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു യുവാക്കൾ. ഈ സമയം പ്രതികൾ കീഴാറന്നൂർ ട്രാൻസ്ഫോർമറിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിെൻറ ചില്ല് അടിച്ച് തകർക്കുന്നത് കണ്ട യുവാക്കൾ അത് ചോദ്യം ചെയ്തിരുന്നു.
അപ്പോൾ അവിടെനിന്ന് പോയ പ്രതികൾ സംഘടിച്ച് തിരികെ വരികയും കത്തിയും പൊട്ടിച്ച ബിയർ കുപ്പിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച് കടന്നുകളയുകയുമായിരുന്നു.
സംഭവത്തിൽ യുവാക്കൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണശേഷം ഒളിവിൽ പോയ ഒന്നാം പ്രതിയായ ശരതിനെ കരമന എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ പ്രതീഷ് കുമാർ, രാധാകൃഷ്ണൻ, സി.പി.ഒമാരായ പ്രിയൻ, സജികുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഏഴ് കേസുകൾ ഉൾപ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുള്ളതും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.