വെള്ളായണിയെന്ന സുന്ദരതീരം...
text_fieldsനേമം: വിശാലമായ കായൽപ്പരപ്പ് ആസ്വദിക്കാൻ വെള്ളായണിയിലേക്ക് ദിനവും ഒഴുകിയെത്തുന്നത് നൂറുകണക്കിനു പേരാണ്. അത്രമാത്രം ഭംഗിയും ശാന്തതയുമാണ് ഈ തീരം സമ്മാനിക്കുന്നത്.
തലസ്ഥാന നഗരത്തോട് ചേർന്ന വെള്ളായണി കായലിനെ ശുദ്ധജലതടാകമാക്കണമെന്ന മുറവിളിക്കിടയിലും ഈ കായലിന്റെ പ്രൗഢിക്ക് ഒട്ടുംകുറവ് വന്നിട്ടില്ല. നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് കുടുംബമായും അല്ലാതെയും എത്തുന്നവർ വൈകുവോളം ഇവിടെ ചെലവഴിച്ചാണ് മടങ്ങുന്നത്.
കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളുടെ പരിധിയിലുള്ള ഈ കായലിന് 636 ഏക്കറോളം വിസ്തൃതിയുണ്ട്. എന്നാൽ, ടൂറിസം മാപ്പിൽ അർഹമായ പ്രാധാന്യം കിട്ടിയിട്ടില്ല. ബോട്ടിങ് ഉൾപ്പെടെ കായൽസൗന്ദര്യം ആസ്വദിക്കാൻ നിരവധി പദ്ധതികൾ ആലോചനയിലാണ്. വിവിധതലങ്ങളില്‍ അനന്തസാധ്യതകളുള്ള കായലിന് ഒരു പുനര്ജന്മം വേണമെന്ന ആവശ്യവും ശക്തമാണ്.
വേനൽക്കാലമായതിനാൽ ജലനിരപ്പ് ഇപ്പോൾ കുറവാണ്. സമീപപഞ്ചായത്തുകളിലെ ജലക്ഷാമം കൂടി കണക്കിലെടുത്ത് ഇവിടെനിന്നുള്ള വെള്ളം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. നെയ്യാർഡാമിൽനിന്നുള്ള കുടിവെള്ളത്തിന് പുറമെ, കഴിഞ്ഞ കൊടുംവേനലിൽ വെള്ളായണി കായലിലെ ജലം ശുദ്ധീകരിച്ച് തിരുവനന്തപുരം നഗരത്തില്‍ എത്തിക്കാനുള്ള പദ്ധതിയെക്കുറിച്ചും ആലോചന നടന്നു. കായലിനെ സംരക്ഷിക്കാന്‍ സമ്പൂര്‍ണ ജൈവഗ്രാമം പദ്ധതി ആവിഷ്കരിക്കണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായം.
കായല്പരിസരത്തെ കീടനാശിനി പ്രയോഗം പൂര്‍ണമായി ഒഴിവാക്കണമെന്നും കുളവാഴകള്‍ നീക്കം ചെയ്യുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
കരിമീൻ ഉൾപ്പെടെ നൂറോളം വിവിധ തരങ്ങളിലുള്ള മത്സ്യങ്ങള്‍ വെള്ളായണി കായലില്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ 40ഓളം ഇനം മത്സ്യങ്ങൾ തൊഴിലാളികള്‍ കായലില്‍നിന്ന് പിടിച്ച് വില്പന നടത്തുന്നുണ്ട്. കാക്കാമൂലയില്‍ വെള്ളായണി കായല്‍മത്സ്യ തൊഴിലാളി വികസനക്ഷേമ സഹകരണസംഘംവഴിയും 13 ഇനം മത്സ്യങ്ങളെ വിൽക്കുന്നുണ്ട്. കായൽമത്സ്യം വാങ്ങാനും ആൾത്തിരക്കാണ് ഇവിടെ.
കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭാഗങ്ങളില്‍ 90 ശതമാനം പാട്ടകൃഷിയും നടക്കുന്നുണ്ട്. ചീര ഉള്പ്പെടെയുകള്ള പച്ചക്കറികൾ വ്യാപകമായി കൃഷിചെയ്യുന്നു. കായൽപ്പരപ്പിൽ താമരപ്പൂ കൃഷിയും വ്യാപകമാണ്. അതും കാഴ്ചക്ക് മനോഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.