കല്ലിയൂർ പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം പോയി
text_fieldsനേമം: കല്ലിയൂർ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പി -10, എൽ.ഡി.എഫ് -9, കോൺഗ്രസ് -2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണക്കെതിരേ എം. സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം 11 വോട്ടുകൾക്ക് പാസായി. ബി.ജെ.പി വിമത അംഗം സുധർമയും കോൺഗ്രസ് അംഗം ശാന്തിമതിയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
ബി.ജെ.പി നേതൃത്വത്തിലെ ഗ്രൂപ് പോരിന്റെ ഭാഗമായി പ്രസിഡന്റിനെതിരായ അവിശ്വാസ ചർച്ചയിൽ ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. ഇത് ചർച്ചയായതോടെ ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു. സി.പി.എം അംഗം സുജിത്ത് അവതരിപ്പിച്ച അവിശ്വാസ പ്രമേയവും ഒമ്പതിനെതിരേ 11 വോട്ടുകൾക്ക് പാസായി. ഇതോടെ കല്ലിയൂർ പഞ്ചായത്തിൽ ഏഴര വർഷമായുള്ള ബി.ജെ.പി ഭരണത്തിന് അന്ത്യമായി. ബി.ജെപി ഭരണസമിതി നിലവിൽ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂർ പഞ്ചായത്ത് മാറി എന്നതാണ് എൽ.ഡി.എഫ് ആരോപണം.
പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപറേറ്റർ, ആശുപത്രിയിലെ താൽക്കാലിക തസ്തികകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചു. കൂടാതെ ജൈവവൈവിധ്യത്തിന്റെ കലവറയായ വെള്ളായണി കായലിനെ സംരക്ഷിക്കുന്നതിന് പകരം ബി.ജെ.പി വാർഡ് മെംബർമാരുടെ ഒത്താശയോടെ അനധികൃത നിർമാണങ്ങൾക്ക് യഥേഷ്ടം പെർമിറ്റുകൾ നൽകിയതിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നതെന്നും ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിലുള്ള അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.