ആഡംബര കാർ സിഗ്നലിൽ നിർത്തിയ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു
text_fieldsനേമം: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. കരമന-കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പാറയിലെ സിഗ്നലില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് അമിത വേഗതയിലെത്തിയ ആഡംബര കാര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട കാർ മുന്നിലേക്ക് നീങ്ങി മൂന്ന് ഇരുചക്ര വാഹനയാത്രക്കാരെ ഇടിച്ചിടുകയായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് സാരമായ പരിക്കാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ആഡംബരകാറിന്റെ ഓയില്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഓയില്‍ ഒഴുകി.
തുടര്‍ന്ന് അഗ്നിശമനസേനയെത്തി റോഡ് വ്യത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അപകടത്തിനിടയാക്കിയ കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ അപകടമുണ്ടായ ഉടനെ കാറില്‍ നിന്നിറങ്ങി ഒടിരക്ഷപ്പെട്ടു. ബാലരാമപുരം കല്ലമ്പലം സ്വദേശിയായ പ്രമോദ് എന്ന യുവാവിനെ സ്ഥലത്തുനിന്ന് നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
ആഡംബര കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ഇയാളല്ലെന്നാണ് പോലീസിന് നൽകിയ മൊഴി. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം വിട്ടയച്ചു. കൂടെയുണ്ടായിരുന്നയാൾക്കായി അന്വേഷണം നടക്കുന്നതായി നരുവാമൂട് പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.