ഓട്ടോ സ്റ്റാൻഡിൽ സംഘർഷം; പ്രതികൾ പൊലീസിനെ ആക്രമിച്ചു
text_fieldsനേമം: എരുത്താവൂരിലെ ഓട്ടോ സ്റ്റാൻഡിൽ സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. വടക്കേ മലഞ്ചരിവ് വീട്ടിൽ അരുൺ (29), വടക്കേ മലഞ്ചരിവ് ബിജു ഭവനിൻ ബിജു (31), കിഴക്കേ മലഞ്ചരിവ് മലവിളയിൽ ജോബി (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ബാലരാമപുരം എരുത്താവൂർ സുബ്രമണ്യ ക്ഷേത്രത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ അടി നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐ ബിനു ജസ്റ്റസ്, എസ് സി.പി.ഒ ഷിബു, സി.പി.ഒമാരായ വിപിൻ കുമാർ, പത്മകുമാർ എന്നിവർ ബിജു, ജോബി, അരുൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. ബിനു ജസ്റ്റസിന്റെയും വിപിൻകുമാറിന്റെയും യൂനിഫോമുകൾ വലിച്ചുകീറുകയും മർദ്ദിക്കുകയുമായിരുന്നു.
അക്രമത്തിൽ കൈക്ക് പരിക്കേറ്റ വിപിൻ കുമാറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ അരുൺ, ബിജു എന്നിവർ ഓട്ടോ തൊഴിലാളികളാണ്. എരുത്താവൂർ ഓട്ടോ സ്റ്റാൻഡിൽ ഊരുട്ടമ്പലം സ്വദേശിയായ സാജൻ എന്നയാൾ പുതുതായി ആട്ടോ ഓടാൻ വന്നത് ബിജുവും അരുണും എതിർത്തതാണ് സംഘർഷത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.