കോവിഡ് രോഗി തളർന്നുവീണിട്ടും ആംബുലൻസ് അനുവദിച്ചില്ലെന്ന്
text_fieldsനേമം: കോവിഡ് രോഗി രോഗം മൂർച്ഛിച്ച് തളർന്നുവീണിട്ടും ജില്ല ഭരണകൂടത്തിലെ വാർ റൂമിൽനിന്ന് ആംബുലൻസ് അനുവദിച്ചില്ലെന്ന് പരാതി. ഒടുവിൽ നാട്ടുകാർ സ്വകാര്യ ആംബുലൻസിൽ രോഗിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിളപ്പിൽശാല ചൊവ്വള്ളൂരിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിനാണ് ഈ ദുർഗതി.
ഗൃഹനാഥനും ഭാര്യക്കും രണ്ടു മക്കൾക്കും ആണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ഇവർ ക്വാറൻറീനിനിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഗൃഹനാഥന് രോഗം മൂർച്ഛിച്ചു. നാട്ടുകാർ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. ആശുപത്രി അധികൃതർ ഉടൻ തന്നെ കലക്ടറേറ്റിലെ വാർ റൂമിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടു.
എന്നാൽ, ആംബുലൻസുകൾ ഇല്ലെന്നും സ്വന്തം വാഹനത്തിൽ രോഗിയോട് ആശുപത്രിയിൽ പോകാനുമാണ് വാർ റൂമിൽനിന്ന് അറിയിപ്പ് കിട്ടിയത്. പിന്നീട് നാട്ടുകാർ കാട്ടാക്കടയിൽനിന്ന് സ്വകാര്യ ആംബുലൻസ് വരുത്തി വൈകീട്ട് 6.30ന് രോഗിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിചരിക്കാൻ മറ്റാരുമില്ലാത്തതിനാൽ കോവിഡ് രോഗിയായ ഇയാളുടെ ഭാര്യ ആംബുലൻസിൽ ഒപ്പം പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.