പകര്‍ച്ചപ്പനി പടരുന്നു; ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന്
text_fieldsനേമം: പകര്‍ച്ചപ്പനി വ്യാപകമാകുമ്പോഴും ശാന്തിവിള താലൂക്കാശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. കല്ലിയൂര്‍, പള്ളിച്ചല്‍, പഴയ നേമം പഞ്ചായത്ത് പ്രദേശങ്ങളിലുള്ള നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഈതാലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്.
ദിവസേന 500ല്‍പരം പേര് ഒ.പി ടിക്കറ്റെടുക്കുന്നുണ്ട്. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി അധികൃതര്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. ഈ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്ന രോഗികളെ മറ്റുള്ള ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നതാണ് പതിവ്.
നേമം ഭാഗത്ത് താമസിച്ച വരുന്നവും മെഡിക്കല്‍കോളജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലുള്ളതുമായ നിരവധി രോഗികളുണ്ട്. എന്നാല്‍, അസുഖമൊന്നു കുറയുമ്പോള്‍ ഇവിടെനിന്ന് ഇവരെ തങ്ങളുടെ അടുത്തുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാറുണ്ട്.
എന്നാല്‍, അപ്പോള്‍പ്പോലും ശാന്തിവിള താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ അധികൃതര്‍ പ്രവേശിപ്പിക്കാറില്ലെന്നാണ് പരാതി.
ആശുപത്രി സൂപ്രണ്ടിനോട് വിവരം അന്വേഷിച്ചപ്പോള്‍ തുടക്കത്തില്‍ 62 കിടക്കയുണ്ടായിരുന്ന ഈആശുപത്രിയില് ഇപ്പോള്‍ 18 മാത്രമേയുള്ളൂവെന്നും അതുകൊണ്ട് 18 പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് പറയുന്നത്.
സാധുക്കളായ രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സ്ത്രീകളും കൈകുഞ്ഞുങ്ങളുമായി സമരപരിപാടി ആരംഭിക്കുമെന്ന് സാധു സംരക്ഷണസമിതി സെക്രട്ടറി ശാന്തിവിള സുബൈര്‍ പറഞ്ഞു. വര്‍ഷങ്ങളായി കോടിക്കണക്കിനു രൂപ ചെലവഴിച്ചു മുകളില്‍ നിർമിച്ച 20 കിടക്കകളുള്ള കെട്ടിടം പ്രവര്‍ത്തനരഹിതമാണ്. മൂന്ന് ഡോക്ടര്‍മാരെയും ഏഴ് നഴ്സുമാരെയും അധികമായി നിയമിച്ചാല്‍ മാത്രമേ ഈ വാര്‍ഡ് പ്രവര്‍ത്തിക്കാനും രോഗികളെ പ്രവേശിപ്പിക്കാനും സാധിക്കുകയുള്ളൂവെന്നുമാണ് വിവരം.
കാലാനുസൃതമായി മരുന്നിന്റെ ക്വാട്ടയും കൂട്ടിയിട്ടില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.