ക്രിക്കറ്റ് തന്നെ ജീവിതം; അംഗപരിമിതിയെ തോൽപിച്ച് രാഹുൽ മുന്നേറുന്നു
text_fieldsനേമം: അംഗപരിമിതിയെ തോൽപിച്ച് തന്റെ സ്വപ്നം സഫലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഹുൽ. ജന്മനാൽ ഇടത് കാൽപാദം ഇല്ലാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെ ക്രിക്കറ്റിന്റെ പടവുകൾ കയറാനും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു ഈ ചെറുപ്പക്കാരന്.
കല്ലിയൂർ കുഴിതാലച്ചൽ കുളത്തിൻകര ഗോകുലം വീട്ടിൽ കെ. രാമചന്ദ്രൻ- എസ്. വത്സ ദമ്പതികളുടെ മകനാണ് കർണൻ എന്ന് കൂട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന ആർ. രാഹുൽ (24). ക്രിക്കറ്റിനെ സ്വന്തം ജീവനുതുല്യം സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ പ്രധാനമായും കളിക്കുന്നത് വെള്ളനാട് സ്പാരോ ടീമിലാണ്. ചിറയിൽ ലയൺസ് ടീമിൽ കളിച്ചിരുന്ന അനീഷ് തമ്പിയാണ് ഇദ്ദേഹത്തെ കൈപിടിച്ചുയർത്തുന്നത്. തുടർന്ന് നിരവധി മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
ഒരുമാസം മുമ്പ് കോട്ടയം ട്രാവൻകൂർ അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ച്ഡ് ട്വൻറി-20 ടൂർണമെൻറിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചു.
കോട്ടയവുമായി നടന്ന ഫൈനൽ മത്സരം മഴ മുടക്കിയെങ്കിലും ഏഴ് ജില്ലകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബൗളറും മാൻ ഓഫ് ദ മാച്ചും ആയി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. 25ന് കോട്ടയത്ത് നടക്കുന്ന ക്യാമ്പാണ് രാഹുൽ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറ്. ഈ മാസം 28 മുതൽ 30 വരെ ആന്ധ്രാപ്രദേശിൽ ടൂർണമെൻറ് സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്തുനിന്ന് രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു.
കാൽപാദത്തിന്റെ പരിമിതി ഉണ്ടെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും ഒരു പ്രശ്നവും രാഹുലിനില്ല. അർപ്പണമനോഭാവവും കഠിന പരിശ്രമവുമാണ് ക്രിക്കറ്റ് പ്ലയർ എന്ന നിലയിലേക്ക് മാറാൻ ഈ ചെറുപ്പക്കാരന് സഹായമായത്.
ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തിരുവനന്തപുരത്തിന് അഭിമാനമായ രാഹുലിനെ കുഴിതാലച്ചൽ വാർഡ് അംഗം രാജലക്ഷ്മി വീട്ടിലെത്തി അഭിനന്ദിച്ചു. ആർ. രാജീവ്, രമ്യ വി. രാമചന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.