ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റു മരിച്ച നിലയിൽ
text_fieldsനേമം: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ക്രിമിനൽ കേസ് പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തൻവീട്ടിൽ മോഹനൻറെ മകൻ അനീഷ് (28) ആണ് മരിച്ചത്. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം മുളച്ചൽ പാലത്തിനു സമീപം നിഷാന്തിൻറെ ഉടമസ്ഥതയിലുള്ള അമൽ ഹോളോബ്രിക്സ് കമ്പനിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
നിവർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ പത്തോളം വെട്ടുകളുള്ളതായി പൊലീസ് വ്യക്തമാക്കി. മൂന്നു തവണ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അനീഷ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 28 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. 2020-ൽ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ അനീഷ് കഴിഞ്ഞ മാസം 17-നാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാത്രി കുളങ്ങരക്കോണത്ത് ഒരു യുവതിയുടെ രണ്ടു പവൻറെ മാല കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് അനീഷിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തുന്നത്. കാലിനും കൈകൾക്കും മുതുകിനും വെട്ടേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് നരുവാമൂട് സി.ഐ ധനപാലൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.