പാപ്പൻചാണി വാർഡിൽ നായ് ശല്യം രൂക്ഷം; മൂന്നാഴ്ചക്കിടെ കടിയേറ്റത് 12 പേർക്ക്
text_fieldsനേമം: കല്ലിയൂർ പഞ്ചായത്തിലെ പാപ്പൻചാണി വാർഡിൽ തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നു. വാർഡിൽ ഉൾപ്പെടുന്ന പാലപ്പൂര്, വാറുവിള ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പാപ്പൻചാണിയിൽ സ്ഥിതിചെയ്യുന്ന ഇറച്ചിക്കടകളുടെ സമീപത്തുനിന്ന് മാലിന്യം തള്ളുന്നതാണ് നായ്ക്കൾ ഈ ഭാഗത്ത് തമ്പടിക്കാൻ പ്രധാന കാരണം. കഴിഞ്ഞദിവസം വാറുവിളയിൽ ഒരു പശു നായ്ക്കളുടെ കടിയേറ്റ് ചത്തിരുന്നു.
രാപകൽ ഭേദമില്ലാതെ നായ്ക്കൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 12 പേർക്കാണ് തെരുവുനായുടെ കടിയേറ്റത്. കുറച്ചുനാൾമുമ്പ് പഞ്ചായത്തധികൃതർ ഇടപെട്ട് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽനിന്ന് ജീവനക്കാരെത്തി നായ്ക്കളെ പിടികൂടിയിരുന്നു. വന്ധ്യംകരണം ചെയ്യപ്പെടുന്ന നായ്ക്കൾ അക്രമാസക്തരാകുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
നായ്ക്കളെ ഭയന്ന് ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും പ്രശ്നത്തിന് അധികൃതർ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും പാപ്പൻചാണി വാർഡ് അംഗം എസ്. പ്രീതാറാണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.