അക്ഷരങ്ങളെ സ്നേഹിച്ച് ഡോ.എം.എ. കരീം; കാണാൻ പിന്മുറക്കാരെത്തി
text_fieldsഇന്ന് വായനദിനം
നേമം: എഴുപത്തഞ്ചാം വയസ്സിലും അക്ഷരങ്ങളുടെ ലോകത്ത് നിറസാന്നിധ്യമായി നിലകൊള്ളുന്ന ഡോ.എം.എ. കരീമിനെ കാണാൻ വായനദിനത്തലേന്ന് പിൻതലമുറക്കാർ വീട്ടിലെത്തി. അദ്ദേഹം മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നേമം ഗവ. യു.പി.എസിലെ കുട്ടികളും അധ്യാപകരുമാണ് കഴിഞ്ഞദിവസം നേമം വെള്ളായണി ജങ്ഷനിലെ ലൈലാമൻസിലിലെത്തി ഡോ.എം.എ. കരീമിനെ ആദരിച്ചത്.
ഒരാഴ്ച നീളുന്ന സ്കൂൾ വായനോത്സവ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം കേരള സർവകലാശാല പബ്ലിക്കേഷൻ ഓഫിസർ, അസിസ്റ്റന്റ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഓഫിസർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി, സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. വിരമിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും തലസ്ഥാനത്തെ സാംസ്കാരിക രംഗത്തും പുസ്തക രചനയിലും കർമനിരതനാണ് ഡോ.എം.എ. കരീം.
നാൽപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശ്രീ നാരായണ വിജ്ഞാന വേദി അവാർഡ്, ഗീതാഞ്ജലി പുരസ്കാരം, സഹൃദയ മണ്ഡലം നൽകുന്ന എം.പി. പോൾ പുരസ്കാരം, ലയൺസ് എക്സലൻസ് അവാർഡ്, രാമവൃക്ഷ ബേനിപുരി ദേശീയപുരസ്കാരം, രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളൻ അവാർഡ് എന്നീ അവാർഡുകൾ ലഭിച്ചു. അദ്ദേഹം രചിച്ച 'കുട്ടികളുടെ പഞ്ചാമൃതം' 2010 ലെ മികച്ച ബാലസാഹിത്യ കൃതിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തെരഞ്ഞെടുത്തിരുന്നു.
വീട്ടിലെത്തിയ തന്റെ പൂർവ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകിയാണ് അദ്ദേഹം വരവേറ്റത്. എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വായന പ്രോത്സാഹിപ്പിക്കാൻ നേമം ഗവ. യു.പി സ്കൂളിൽ നടപ്പാക്കുന്ന പുസ്തകച്ചുവരിലേക്ക് ഇരുനൂറിലേറെ പുസ്തകങ്ങൾ സമ്മാനിച്ചു. പ്രഥമാധ്യാപകൻ എം.എസ്. മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, അധ്യാപകരായ സ്മിത, ബിന്ദുപോൾ, അശ്വതി, അനൂപ, രക്ഷാകർതൃസമിതി ഭാരവാഹികൾ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.