തകർച്ചയിലായ വീട്ടിൽ ദുരിതമൊഴിയാതെ കുടുംബം
text_fieldsനേമം: ശക്തമായ കാറ്റോ മഴയോ വരുമ്പോൾ ഈ കുടുംബത്തിെൻറ മനസ്സിൽ ആധിയാണ്. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീടിനുള്ളിൽ വിധിയെ പഴിച്ച് കഴിയുകയാണ് ഈ നിർധന കുടുംബം.
വെള്ളായണി വണ്ടിത്തടം കല്ലംപൊറ്റവിള വീട്ടിൽ ബാബുവും (65) കുടുംബവുമാണ് ജീവിതം മുന്നോട്ടുനീക്കാൻ പാടുപെടുന്നത്. രണ്ടര സെൻറ് മാത്രം വരുന്ന സ്ഥലത്താണ് ഇവരുടെ വീട്. നാലുഭാഗത്തുനിന്നും മണ്ണ് ഇളകിപ്പോകുന്നതാണ് വീടിെൻറ തകർച്ചക്ക് കാരണമായത്. കട്ട കെട്ടിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന കുടുംബം ഒട്ടും സുരക്ഷിതരല്ല.
വീടിെൻറ മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴക്കാലത്ത് വീടാകെ ചോരും. ബാബുവിെൻറ ഭാര്യ ശാന്ത കുറച്ചുനാൾമുമ്പ് അസുഖബാധിതയായി മരിച്ചു. മകൾ കവിതയും ഇവരുടെ മക്കളും കവിതയുടെ സഹോദരിയുടെ മക്കളുമാണ് വീട്ടിൽ ഇപ്പോഴുള്ളത്. കവിതയുടെ ഭർത്താവ് കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം.
വണ്ടിത്തടം ഭാഗത്ത് പെട്ടിക്കട നടത്തിയിരുന്ന ബാബുവിന് അർബുദം ബാധിച്ചത് കുടുംബത്തിന് കനത്ത ആഘാതമായി. ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണിപ്പോൾ ബാബു. ശരീരത്തിലെ ഏത് ഭാഗത്താണ് അർബുദമെന്ന് കണ്ടുപിടിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ടെസ്റ്റ് ഉടനെ നടത്തണം.
10000ഓളം രൂപ ചെലവ് വരും. കുടുംബത്തിെൻറ ദയനീയാവസ്ഥയറിഞ്ഞ് സന്മനസ്സുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബാബു. അതിനിടെ കല്ലിയൂർ പഞ്ചായത്ത് പരിധിയിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ഈ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി പാപ്പൻചാണി വാർഡ് അംഗം എസ്. പ്രീതാറാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.