അറ്റകുറ്റപ്പണി ഇല്ലാതായിട്ട് അഞ്ച് വർഷം; പൊട്ടിപ്പൊളിഞ്ഞ് തച്ചോട്ടുകാവ്-ശാസ്താംപാറ റോഡ്
text_fieldsനേമം: തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ശാസ്താംപാറയിലേക്കുള്ള റോഡ് തകർന്നു. കുഴികൾ നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹന യാത്ര പോലും ദുഷ്കരമായി. തച്ചോട്ടുകാവ് മൂങ്ങോട് നിന്നും തുടങ്ങി ശാസ്താംപാറയിൽ എത്തുന്നതുവരെ റോഡിന്‍റെ അവസ്ഥ പരിതാപകരമാണ്. സിറ്റി സർവിസ് ബസ്സുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് അഞ്ചു വർഷമെങ്കിലുമാകും.
പല റോഡുകളിലും കുഴിമൂടൽ യജ്ഞം നടക്കാറുണ്ടെങ്കിലും ശാസ്താംപാറ റോഡിന് അവഗണന തന്നെ. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ റോഡ് കൂടുതൽ തകർന്നു. തലസ്ഥാനത്തു നിന്നു വിനോദസഞ്ചാരികൾ ശാസ്താംപാറയിലേക്ക് എത്തുന്ന റോഡാണിത്. ശാസ്താംപാറ മോടികൂട്ടി തുറന്നിട്ട് അധികം നാളുകളായിട്ടില്ല. അതിനാൽ നിരവധി വിനോദസഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇതുവഴിയുള്ള യാത്ര ദുഷ്കരമായതിനാൽ സഞ്ചാരികൾ ഈ പാത ഉപേക്ഷിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അടിസ്ഥാന സൗകര്യത്തിന് ഉൾപ്പെടെ കോടിക്കണക്കിന് രൂപയാണ് ശാസ്താംപാറക്ക് വിനിയോഗിക്കുന്നത്. അതിൽ റോഡിന്‍റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. എന്നാൽ ശാസ്താംപാറ റോഡിന്‍റെ കാര്യം മാത്രം ബന്ധപ്പെട്ടവർ വിസ്മരിച്ചു. മൂങ്ങോട്, മണലി, കൊല്ലോട് തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ളവരുടെ യാത്രാസൗകര്യമാണ് റോഡിന്‍റെ അവസ്ഥമൂലം ഇല്ലാതാകുന്നത്. കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ബസ് സർവിസുകൾ മിക്കദിവസങ്ങളിലും മുടങ്ങുന്നത് റോഡിന്‍റെ ശോച്യാവസ്ഥ മൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.