കത്തികാട്ടി ആഭരണക്കവർച്ച; മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്
text_fieldsനേമം: കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതം. അതേസമയം വീട്ടുടമ നൽകിയ മൊഴികളിൽ വൈരുധ്യമെന്ന് നേമം പോലീസ്. പൊന്നുമംഗലം വാർഡിൽ ശാന്തിവിള കരടിയോട് സ്വദേശിനി രമ്യയുടെ 50,000 രൂപയും രണ്ടുപവൻ സ്വർണാഭരണങ്ങളുമാണ് കഴിഞ്ഞദിവസം കവർന്നത്.
രമ്യയും ഭർത്താവും ബന്ധുക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് മറ്റുളവർ വീട്ടിൽ നിന്ന് പോയസമയത്താണ് മോഷ്ടാക്കൾ എത്തിയതെന്നാണ് രമ്യ പോലീസിന് നൽകിയ മൊഴി. അതേസമയം കഴുത്തിൽ കത്തിവെച്ച് മോഷണം നടത്തിയ ശേഷം മോഷ്ടാക്കൾ നാലുതവണ മുഖംമൂടി മാറ്റിയതായി ഇവർ മൊഴിയിൽ പറയുന്നു.
ഈ മൊഴിയിൽ അസ്വാഭാവികതയുണ്ട്. ഹെൽമെറ്റും മുഖംമൂടിയും ധരിച്ച് എത്തിയവർ തിരിച്ചറിയുന്ന രീതിയിൽ മുഖംമൂടി മാറ്റി എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. മാത്രമല്ല വസ്ത്രങ്ങൾ മോഷ്ടിച്ച ഇവർ വീട്ടമ്മ ബഹളംവെച്ചപ്പോൾ തിരികെ കൊടുത്തിട്ട് പോയി എന്നും പറയുന്നു.
വെള്ളം ചോദിച്ചാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് രമ്യ പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഒരു ദൃശ്യത്തിൽ പോലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.
വീടിന്റെ സമീപത്ത് ബൈക്കോ മറ്റു വാഹനങ്ങളോ എത്തിയതായും കണ്ടെത്താനായില്ല. ഭീഷണിപ്പെടുത്തിയപ്പോൾ കുറച്ച് സ്വർണാഭരണങ്ങളാണ് താൻ നൽകിയതെന്നും ബാക്കിയുള്ളവ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ടെന്നുമാണ് മൊഴിയിൽ പറയുന്നത്. ലഭ്യമായ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.