മുൻ പഞ്ചായത്ത് അംഗത്തിന്‍റെ വീടാക്രമണം; രണ്ടാം പ്രതി പിടിയിൽ
text_fieldsനേമം: വിളപ്പിൽ പഞ്ചായത്ത് മുൻ അംഗവും സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗവുമായ അസീസിന്‍റെ വീടാക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പേയാട് വിട്ടിയം കാഞ്ഞിരംവിള പുത്തൻവീട്ടിൽ അപ്പൂസ് എന്നു വിളിക്കുന്ന അഭിനന്ദിനെ (22) യാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. അസീസിന്റെ വീട്ടിലേക്ക് പടക്കെറിയുകയും വാൾ വീശി ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് ജനൽ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും അസീസിന്റെ മകൻ അസിമിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിലെ ഒന്നാം പ്രതി കുട്ടു എന്ന അമൽ എസ്. കുമാറിനെ നേരെത്തെ പിടികൂടിയിരുന്നു. അറസ്റ്റിലായ അഭിനന്ദിന് പൂജപ്പുര, വഞ്ചിയൂർ സ്റ്റേഷനുകളിലും ക്രിമനൽക്കേസുകളുണ്ട്. ഒക്ടോബർ 25-നാണ് സംഭവം നടന്നത്. വിട്ടിയം കാർമൽ സ്‌കൂളിന് സമീപം ഫാത്തിമ മൻസിലിൽ അസീസിൻറെ വീടാണ് അക്രമികൾ തകർത്തത്. ഒറ്റനില വീടിൻറെ മുൻവശത്തെ ജനാലകൾ പൂർണമായും തകർന്നു.
സംഭവം നടക്കുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ അക്രമികൾ വീടിനു നേരേ മൂന്ന് പടക്കം എറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം അടിച്ചു തകർക്കുകയും ചെയ്തു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നിർദ്ദേശാനുസരണം വിളപ്പിൽശാല സി.ഐ എൻ. സുരേഷ്‌കുമാറിന്റെ നേത്യത്വത്തിൽ എസ്.ഐ. വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു, സി.പി.ഒമാരായ സുബിൻസൺ, അരുൺ, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.