കളിയാട്ടക്കാരന്റെ കരവിരുതില്‍ വിരിയുന്നത് കഥകളി ശില്‍പങ്ങള്‍
text_fieldsനേമം: നാലു പതിറ്റാണ്ടായി കഥകളി ശിൽപങ്ങൾ തടിയിൽ തീർക്കുന്ന കളിയാട്ടക്കാരനുണ്ട് തലസ്ഥാനത്ത്. കരിക്കകം പുള്ളി ലെയിന്‍ അശ്വതിയില്‍ കരിക്കകം ത്രിവിക്രമന്‍. ഒരടി മുതല്‍ ഒരാള്‍ വലുപ്പത്തിലുള്ള ശില്‍പങ്ങള്‍ വരെ തടിയില്‍ കൊത്തിയെടുക്കും. ചെണ്ട അധ്യാപകൻ, ചുട്ടികുത്ത് കലാകാരൻ, കഥകളി വേഷക്കാരൻ, പഞ്ചാരിമേളക്കാരൻ എന്നിങ്ങനെ കലയില്‍ ഇദ്ദേഹത്തിന് വഴങ്ങാത്തതായി ഒന്നുമില്ല.
കരിക്കകം ശ്രീഭഗവതി വിലാസത്തിലെ മാനേജറായിരുന്ന പിതാവ് ഭാസ്‌കര ശാസ്ത്രിയില്‍നിന്നാണ് ശിൽപകലയുടെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്. കോളജ് ഓഫ് ഫൈന്‍ ആർട്സില്‍നിന്ന് ശില്‍പകലയില്‍ ഡിപ്ലോമ നേടി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങളുടെ തനിമ നഷ്ടപ്പെടാതെയുള്ള ശില്‍പങ്ങള്‍ കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയത്തിലടക്കം സ്ഥാപിച്ചിട്ടുണ്ട്. കൂടിയാട്ടം, മോഹിനിയാട്ടം, കുച്ചിപ്പുടി ഉള്‍പ്പെടെ വര്‍ണഭംഗി പകരുന്ന ശില്‍പങ്ങളും ത്രിവിക്രമന്‍ നിർമിച്ചു. ഒട്ടേറെ പ്രദര്‍ശനങ്ങളിലും ഈ ദാരുശില്‍പങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ പുരസ്‌കാരം, കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം ഉള്‍പ്പെടെ ഇദ്ദേഹത്തെ തേടിയെത്തി.
15ാം വയസ്സില്‍ അരങ്ങേറ്റശേഷം കഥകളിരംഗത്തും സജീവമായി. ചുട്ടികുത്തില്‍ കരിക്കകം വേലായുധന്‍ ആചാരിയും ചെണ്ടയില്‍ കലാമണ്ഡലം നാരായണന്‍കുട്ടി ആശാനും ശില്‍പകലയില്‍ കരിക്കകം തങ്കപ്പന്‍ ആശാനുമാണ് ഗുരുക്കന്മാര്‍. വാദ്യകല പഠിപ്പിക്കാൻ താൽപര്യമുള്ളവർക്കായി കരിക്കകം ശ്രീചാമുണ്ഡി കലാപീഠവും ശില്‍പ നിർമാണം അഭ്യസിപ്പിക്കുന്ന ഭാസ്‌കര ആർട്സും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
മൂത്ത മകള്‍ ശില്‍പ നഴ്‌സിന്റെ കുപ്പായമണിഞ്ഞപ്പോള്‍ ഇളയമക്കളായ ശീതള്‍, ശീതു എന്നിവര്‍ കഥകളി രംഗത്തേക്ക് കടന്നു. ഇരുവരും കഥകളി ശാസ്ത്രീയമായി പഠിച്ച് അരങ്ങുകളില്‍ വേഷം കെട്ടിയാടുന്നു. കഥകളിയുടെ മുഖ്യ ആകര്‍ഷണമായ ചേലയും ആടയാഭരണങ്ങളും ഒരുക്കുന്നതില്‍ പ്രഗല്ഭയാണ് ഭാര്യ അജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.