ലക്ഷ്മി ഹാൻഡ്ലൂം ടെക്സ്റ്റൈല്‍സിന് മോചനമില്ല
text_fieldsനേമം: നെടുങ്കാട് വാര്‍ഡില്‍ നിരവധി തൊഴിലാളികളുടെ അത്താണിയായിരുന്ന ലക്ഷ്മി ഹാൻഡ്ലൂം ടെക്സ്റ്റൈല്‍സ് കെട്ടിടം ഇനിയും പുനര്‍നിർമിച്ചില്ല. മൂന്നുമാസം മുമ്പ് മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു വീണ കെട്ടിടം അതേപടി നിലനില്‍ക്കുകയാണ്. താൽക്കാലിക കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ടെക്സ്റ്റൈല്‍സിന്റെ മേല്‍ക്കൂരയും ചുമരിന്റെ കുറേഭാഗവും ദ്രവിച്ച് വീണത്.
25 വര്‍ഷമായി നാശാവസ്ഥയിലായിരുന്ന സ്ഥാപനം അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രശ്നത്തിന് കാരണമായത്. ഈ സ്ഥാപനം ലക്ഷ്മി ഹാൻഡ്ലൂം ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്. 1957 ഫെബ്രുവരി 25നാണ് ലക്ഷ്മി ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ 600ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 20 തൊഴിലാളികള്‍ മാത്രമേയുള്ളൂ. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ ബാധ്യതയുമുണ്ട്.
നൂല്‍നൂല്‍പ്പ്, നിറം മുക്കല്‍ എന്നിവയാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍. ഹാൻഡ്ലൂം സ്ഥാപനം നിലംപൊത്തി ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും പുനര്‍നിര്‍മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തുക കണക്കാക്കുകയും ചെയ്തിരുന്നു. ഏകദേശം 90 ലക്ഷം രൂപ വേണ്ടിവരും പുനര്‍നിർമാണത്തിന്. ഫണ്ടിന്റെ അപര്യാപ്തതയാണ് പുനര്‍നിർമാണം വൈകുന്നതിനു കാരണമെന്നാണു സൂചന.
ഫണ്ട് ലഭ്യമാകുന്ന മുറക്ക് പണി ഘട്ടംഘട്ടമായി ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്ഥാപനം പഴയ കെട്ടിടത്തില്‍ത്തന്നെ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് ഊർജസ്വലമായി പണിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.