യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഒന്നാംപ്രതി പിടിയിൽ
text_fieldsനേമം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി നേമം പൊലീസ് പിടിയിലായി. കല്ലിയൂർ കാക്കാമൂല സ്വദേശി അഭിൻദേവ് (27) ആണ് പിടിയിലായത്.
കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചതിന് ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖല സെക്രട്ടറി ആനന്ദ് ഷിനുവിനെയും പിതാവിനെയുമാണ് ഇയാളും സഹോദരൻ അഖിൽദേവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 ഡിസംബർ 22ന് രാത്രിയായിരുന്നു സംഭവം.
വീടിനുള്ളിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആനന്ദ് ഷിനുവിനെയും പിതാവിനെയും വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ അഭിൻദേവിനെ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പോത്തൻകോട് ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
2019ൽ ഒരു എക്സൈസ് ഓഫിസറെ ആക്രമിച്ച കേസിലും മറ്റൊരു കഞ്ചാവുകേസിലും പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലുള്ള വിരോധം നിമിത്തമാണ് ജാമ്യത്തിലിറങ്ങിയ പ്രതികൾ വീട് ആക്രമിക്കാൻ കാരണമായത്. അഖിൽദേവ് നേരത്തേ അറസ്റ്റലായിരുന്നു. നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐ വിപിൻ, എ.എസ്.ഐമാരായ ശ്രീകുമാർ, പത്മകുമാർ, എസ്.സി.പി.ഒമാരായ ജയകുമാർ, എഡിസൺ പോൾ, സി.പി.ഒമാരായ ഗിരീഷ്, ലതീഷ്, സജു, ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.