കഞ്ചാവ് കടത്ത് വീണ്ടും; നേമം റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കുന്നു
text_fieldsനേമം: ഒരിടവേളക്കുശേഷം വീണ്ടും കഞ്ചാവ് കടത്ത് കൂടിയതോടെ നേമം പൊലീസ് നിരീക്ഷണം ശക്തമായി. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് നേമത്ത് സ്റ്റോപ്പുള്ളത്. ഇത്തരത്തിലുള്ള ട്രെയിനുകള്‍ എല്ലാ ചെറിയ സ്റ്റേഷനുകളിലും നിര്‍ത്തുമെന്നതിനാല്‍ കഞ്ചാവിന്റെ കൈമാറ്റം എളുപ്പമാണ്. നേമത്തിനുപകരം ബാലരാമപുരം സ്റ്റേഷനിലെത്തി കഞ്ചാവ് കൈമാറ്റം നടത്തുകയെന്ന രീതിയാണ് ഇപ്പോള്‍.
നേമം പൊലീസ് സ്റ്റേഷനില്‍ നിരീക്ഷണം തുടങ്ങിയതോടെയാണിത്. തമിഴ്നാടു വഴി കഞ്ചാവ് കടത്താന്‍ ഏറ്റവും പറ്റിയമാർഗം ട്രെയിനാണ്. വലിയ തോതിലല്ലെങ്കിലും ഇപ്പോഴും പാസഞ്ചര്‍ ട്രെയിനിലൂടെ കഞ്ചാവ് കൊണ്ടുവരുന്ന ഇടനിലക്കാരുണ്ടെന്ന് നേമം പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിച്ചുകഴിഞ്ഞാല്‍ ഇത്തരത്തിലുള്ളവരെ പിടികൂടാന്‍ ശക്തമായ പൊലീസ് സംഘം ഉണ്ടെന്നും അവര്‍ അറിയിച്ചു.
തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് മൊത്തക്കച്ചവടക്കാരെ സമീപിച്ച് ഓര്‍ഡര്‍ എടുക്കുന്നത് കാരയ്ക്കാമണ്ഡപം, കോലിയക്കോട് ഭാഗത്തെ സംഘങ്ങളായിരുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി ചെറുസംഘങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഞ്ചാവ് ഏറ്റെടുക്കാനെത്തുന്ന നേമം റെയില്‍വേ സ്റ്റേഷന് പരിസരത്തെ ചിലര്‍ സ്ഥലം മാറിപ്പോയതോടെ കഞ്ചാവ് കൈമാറ്റം കുറഞ്ഞിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ ഇതിന് ആക്കം വർധിച്ചു.
ഗത്യന്തരമില്ലാതായാല്‍ റോഡുമാർഗം കളിയിക്കാവിള ഭാഗത്തുകൂടി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന് ഇറച്ചിവണ്ടികള് മറയാക്കുന്നത് ചെറിയതോതിലെങ്കിലും തുടരുന്നുണ്ട്. കോഴിയിറച്ചിക്കുള്ളില്‍ കഞ്ചാവ് കടത്തുന്നത് പൊലീസ് പിടികൂടിയിരുന്നതുമാണ്.
നിലവില്‍ രാത്രികാല പട്രോളിങ് സംഘം നേമം റെയില്‍വേ സ്റ്റേഷനില്‍ ഒരുമണിക്കൂറെങ്കിലും തമ്പടിക്കുന്നുണ്ട്. രാത്രികാല കഞ്ചാവ് കൈമാറ്റത്തിന് സുരക്ഷ കൂടുതലാണെന്നുള്ള ധാരണ കുറ്റവാളികള്‍ക്കിടയില്‍ കൂടുതലാണ്. ഇതുകൊണ്ടാണ് രാത്രികാല പരിശോധന കൃത്യമായി നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.