നാട്ടുകാർ പ്രക്ഷോഭത്തിന്; അപകടക്കുഴികളിൽ അധികൃതരുടെ മൗനം
text_fieldsനേമം: റോഡിൽ അപകടക്കുഴികൾ നിറഞ്ഞിട്ടും അധികൃതർക്ക് മൗനം, നാട്ടുകാർ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ബാലരാമപുരം- കാട്ടാക്കട റോഡിലെ അപകടക്കുഴികളാണ് വാഹന യാത്രികർക്കും വഴിയാത്രികർക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നത്. മാസങ്ങൾക്കു മുമ്പ് തേമ്പാമുട്ടത്ത് അപകടക്കുഴിയിൽപ്പെട്ട് ഒരു വയോധികൻ മരിച്ച സംഭവം ഉൾപ്പെടെ അത്യാഹിതങ്ങൾ വർധിച്ചുവരുകയാണ്.
മഴക്കാലം എത്തിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹന യാത്ര ദുഷ്കരമായി. തണ്ണിക്കുഴി, തേമ്പാമുട്ടം വയൽക്കര റോഡ്, ചാനൽപ്പാലം ജങ്ഷൻ, ചപ്പാത്ത് ജങ്ഷൻ എന്നിവിടങ്ങിലെ അപകടക്കുഴികൾ യാത്രക്കാർക്ക് വെല്ലുവിളിയായി മാറിയിട്ട് ഒരു വർഷത്തോളമായി. കുറച്ചുനാൾ മുമ്പ് ബാലരാമപുരം മുതൽ ചപ്പാത്ത് വരെയുള്ള റോഡിലെ അപകടക്കുഴികൾ കോൺക്രീറ്റിട്ട് താൽക്കാലികമായി നികത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങി.
നാലു വർഷം മുമ്പാണ് ബാലരാമപുരം-കാട്ടാക്കട റോഡിന്റെ നവീകരണ ജോലി തുടങ്ങിയത്. കരാറുകാരന്റെ മരണത്തെതുടർന്ന് റോഡിന്റെ പുനരുദ്ധാരണം തടസ്സപ്പെട്ടിരുന്നു. റീടെൻഡർ വിളിച്ച് നിർമാണജോലി പുതിയ കരാറുകാരന് കൈമാറിയിരുന്നു. എന്നാൽ, വാട്ടർ അതോറിറ്റി പൈപ്പ്ലൈൻ സ്ഥാപിക്കാൻ തുടങ്ങിയതോടെ റോഡിന്റെ നിർമാണം വീണ്ടും അനിശ്ചിതത്വത്തിലായി. നിലവിൽ നീറമൺകുഴിവരെയുള്ള ഭാഗത്ത് പണി ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. എരുത്താവൂർ-ചപ്പാത്ത് ജങ്ഷനിലെ അപകടക്കുഴിയാണ് കൂടുതൽ വെല്ലുവിളിയുയർത്തുന്നത്. ഇരുദിശയിലേക്കും വാഹനം കടന്നുപോകാൻ കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് പൂർണമായും തകർന്നനിലയിലാണ്. പാറക്കഷണങ്ങൾ നിരത്തി നാട്ടുകാർ കുഴികളടച്ച് താൽക്കാലിക പരിഹാരമൊരുക്കിയെങ്കിലും മഴയത്ത് വീണ്ടും വൻ കുഴികളായിരിക്കുകയാണ് ഇവിടം. കോവളം മണ്ഡലത്തിൽപ്പെട്ട ബാലരാമപുരം മുതൽ ഉച്ചക്കട വരെയുള്ള ഭാഗം ബി.എം ആൻഡ് ബി.സി പദ്ധതിയിലുൾപ്പെടുത്തി ഏഴു വർഷം മുമ്പ് നവീകരിച്ചിരുന്നു. കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് നെയ്യാർഡാം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയാണ് കുഴികൾ നിറഞ്ഞു കിടക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചാനൽപ്പാലം ജങ്ഷനിൽ ഇരുചക്ര വാഹന യാത്രികൻ റോഡിൽ തെന്നിവീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബാലരാമപുരം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ജോലി യഥാസമയം പൂർത്തിയാക്കാത്തതാണ് റോഡ് നിർമാണം വൈകുന്നതിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, റോഡിലെ കുഴികൾ നികത്തുന്നതിന് 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് അടിയന്തരമായി തുക അനുവദിച്ചത്. കരാറുകാരൻ എഗ്രിമെന്റ് കൈമാറിയാൽ നിർമാണ ജോലി എത്രയും വേഗം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.