പ്രകൃതിയെ നോവിക്കാതെ മന്ദിരമൊരുക്കി; കിട്ടിയത് വറ്റാത്ത നീരുറവ
text_fieldsനേമം: ഒരു പെണ്‍കൂട്ടായ്മ... പ്രകൃതിയെ നോവിക്കാതെ അവര്‍ മന്ദിരങ്ങള്‍ നിര്‍മിച്ചു. പകരം അവര്‍ക്കായ് പ്രകൃതി സമ്മാനിച്ചത് വേനലില്‍ വറ്റാത്ത നീരുറവ. വിളപ്പില്‍ശാല നൂലിയോട് സ്ത്രീകളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സേവ' എന്ന സംഘടനയാണ് തങ്ങളുടെ കെട്ടിട സമുച്ചയം പ്രകൃതിക്ക് ഇണങ്ങും വിധം നിര്‍മിച്ചത്. 1995ല്‍ പ്രശസ്ത വാസ്തുശില്പി ലാറി േബക്കറാണ് കെട്ടിടം രൂപകല്പന ചെയ്തതും നിര്‍മിച്ചതും. നൂലിയോട് കുന്നിന്മുകളില് സേവ വാങ്ങിയ ഒന്നര ഏക്കറില്‍ കെട്ടിട സമുച്ചയം പണിതുനല്‍കാന്‍ േബക്കറെ സമീപിച്ചപ്പോള്‍ ഭാരവാഹികള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളു, പ്രകൃതി സൗഹൃദമാകണം മന്ദിരം. േബക്കര്ക്കും ആ തീരുമാനം ബോധിച്ചു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭൂപ്രദേശമായിരുന്നു അത്. ഒരു പാറപോലും പൊട്ടിക്കാതെ, മരങ്ങള്‍ മുറിക്കാതെ കെട്ടിടനിര്‍മാണം ആരംഭിച്ചു. മണ്‍കട്ടയില്‍ 'റ' മോഡലില്‍ നാലോളം കെട്ടിടങ്ങള്‍ നൂലിയോട്ടെ ഒന്നര ഏക്കറില്‍ ലാറി േബക്കര് സേവക്ക് നിര്‍മിച്ചുനല്‍കി.
കെട്ടിട നിര്‍മാണം ആരംഭിച്ചപ്പോള്‍ വസ്തുവിന്റെ പ്രവേശനഭാഗത്ത് 50 വര്‍ഷത്തോളം പഴക്കമുള്ള വലിയൊരു പാറക്കുളം ഉണ്ടായിരുന്നു. നിര്‍മാണ ആവശ്യത്തിന് പണ്ട് സമീപവാസികളിലാരോ പാറ പൊട്ടിച്ചെടുത്തപ്പോള്‍ രൂപപ്പെട്ട കുളം. വൈദേശിക രൂപഭംഗിയില്‍ നിര്‍മിക്കുന്ന സേവാ മന്ദിരത്തിന്റെ പ്രൗഢിക്ക് കുളം തടസ്സമാകുമെന്ന് പലരും പറഞ്ഞെങ്കിലും അത് നികത്താന്‍ സേവ ഭാരവാഹികളും ബക്കറും തയാറായില്ല. പകരം കെട്ടിടങ്ങളുടെ മുകള്‍പ്പരപ്പില്‍ വീഴുന്ന മഴത്തുള്ളികള്‍ നീര്‍ച്ചാലുകള്‍ വഴി പാറക്കുളത്തില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കി. പാറക്കുളത്തിലെ വെള്ളം പമ്പ് ചെയ്ത് ഫിൽറ്ററിങ് യൂനിറ്റിലെത്തിച്ച് ശുദ്ധീകരിച്ച് കുടിനീരാക്കാനും സംവിധാനമൊരുക്കി. ഇന്ന് നാട്ടുകാര്‍ക്ക് അത്ഭുതമാണ് ഈ നീരുറവ.
20 വര്‍ഷം മുമ്പ് സേവ ഈ മന്ദിരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അനുശേഷം പലവട്ടം വേനലില്‍ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. അപ്പോഴെല്ലാം തെളിനീരു നിറച്ച് സേവയുടെ പാറക്കുളം നാട്ടുകാരുടെ ദാഹമകറ്റി.
ഇപ്പോഴും പ്രദേശവാസികള്‍ ജലക്ഷാമത്തെ അതിജീവിക്കാന്‍ ആശ്രയിക്കുന്നത് പ്രകൃതിയുടെ ഈ വരദാനത്തെയാണ്. വരള്‍ച്ച നേരിടുന്ന നാട്ടുകാര്‍ക്കായി കുളത്തിന്റെ മധ്യത്തായി കപ്പിയും കയറുമിട്ട് വെള്ളം കോരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സേവ സൂപ്പര്‍വൈസര്‍ ബിന്ദു, ജീവനക്കാരി ദാനമ്മ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.