മണ്ഡലപരിചയം: കേരളത്തെ ഞെട്ടിച്ച നേമം
text_fields2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയമസഭ മണ്ഡലത്തിെൻറ ഫലപ്രഖ്യാപനം പുറത്തുവന്നപ്പോൾ ഞെട്ടിയത് രാഷ്ട്രീയ നേതൃത്വം മാത്രമല്ല, കേരളം മുഴുവനാണ്. കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയുടെ ജനപ്രതിനിധി നിയമസഭ അംഗമായി; ഒ. രാജഗോപാൽ. 8,671 േവാട്ടുകൾക്ക് അദ്ദേഹം സി.പി.എമ്മിെൻറ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയപ്പോൾ യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങിയ ജനതാദൾ (യു) സ്ഥാനാർഥി വി. സുരേന്ദ്രൻ പിള്ള മൂന്നാംസ്ഥാനത്തായി. വി. ശിവൻകുട്ടിക്ക് 59142 വോട്ടും വി. സുരേന്ദ്രൻ പിള്ളക്ക് 13860 വോട്ടും ലഭിച്ചു.
ബി.ജെ.പിക്ക് വിജയത്തിനുള്ള വഴിതെളിച്ചത് യു.ഡി.എഫ് ദുർബലനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചതായിരുന്നുവെന്ന എൽ.ഡി.എഫ് ആക്ഷേപം ഏറെനാളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുകഞ്ഞത്. പക്ഷേ, 2019ൽ കോൺഗ്രസ് വിജയിച്ച തിരുവനന്തപുരം പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമം നിയമസഭ മണ്ഡലത്തിൽ ഒന്നാമതെത്തിയ ബി.ജെ.പി 2016ലെ വിജയം അപ്രതീക്ഷിതമല്ലായിരുന്നുവെന്ന് തെളിയിച്ചു. ഒടുവിൽ 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ നേമം മണ്ഡലത്തിലെ 21 വാർഡുകളിൽ 11ലും വിജയിച്ച് ബി.ജെ.പി വീണ്ടും ശക്തിതെളിയിച്ചു. എൽ.ഡി.എഫ് എട്ട് വാർഡുകളിൽ വിജയിച്ചപ്പോൾ യു.ഡി.എഫ് രണ്ടിലേക്ക് ചുരുങ്ങി.
എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പക്ഷേ എല്ലാ മുൻധാരണയും തിരുത്തിക്കുറിക്കുന്നതാവുമെന്ന് ഉറപ്പാണ്. ബി.ജെ.പിക്ക് നിയമസഭയിലെ 'അഡ്രസ്' ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം സഫലമാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും സകല ശക്തിയോടെ രംഗത്തിറങ്ങുേമ്പാൾ പ്രത്യേകിച്ചും. കെ. കരുണാകരൻ '82ൽ വിജയിച്ച മണ്ഡലം ഏറ്റെടുത്ത് കോൺഗ്രസ് തന്നെയാവും യു.ഡി.എഫിൽ രംഗത്ത് വരിക എന്നാണ് സൂചന. തിരുവനന്തപുരം കോർപറേഷനിലെ 21 വാർഡുകൾ പൂർണമായും അഞ്ച് വാർഡുകൾ ഭാഗികമായും അടങ്ങുന്നതാണ് നേമം മണ്ഡലം. രൂപംമാറി വന്നപ്പോൾ 2011ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പമാണ് മണ്ഡലം ചേർന്നുനിന്നത്. പക്ഷേ, ആർക്കും കുത്തക അവകാശപ്പെടാനില്ല.
കേരളപ്പിറവിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു പാർട്ടിയുടെയും കൂടെ സ്ഥിരമായി നിന്നിട്ടില്ല നേമം. 1957ൽ പി.എസ്.പിയിലെ പി. വിശ്വംഭരനെ തോൽപിച്ച സി.പി.ഐയിലെ എ. സദാശിവനാണ് നേമത്തിെൻറ ആദ്യ ജനപ്രതിനിധി. പക്ഷേ, 1960ൽ സദാശിവനെ മലർത്തിയടിച്ച് പി.എസ്.പിയുടെ വിശ്വംഭരൻ കണക്ക് തീർത്തു. 1965ൽ സി.പി.എമ്മിലെ എം. സദാശിവൻ കോൺഗ്രസിലെ പി. നാരായണൻ നായരെ തോൽപിച്ച് നിയമസഭയിലെത്തി. 1967ലും സദാശിവൻ പഴയ എതിരാളിക്കെതിരെ വിജയം ആവർത്തിച്ചു. 1970ൽ പി.എസ്.പിയുടെ ജി. കുട്ടപ്പൻ എം. സദാശിവെൻറ ഹാട്രിക് വിജയം തടഞ്ഞ് നേമത്തിെൻറ സാരഥിയായി. 1977ൽ കോൺഗ്രസിലെ എസ്.വരദരാജൻ നായർ സി.പി.എമ്മിലെ പള്ളിച്ചൽ സദാശിവനെ തോൽപിച്ച് നേമം പിടിച്ചു. കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് കോൺഗ്രസ് (യു) വിലെത്തിയ വരദരാജൻ നായർ 1980ലെ െതരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഇ. രമേശൻ നായരോട് നേമത്ത് തോറ്റു. 1982ലെ െതരഞ്ഞെടുപ്പിൽ കെ. കരുണാകരൻ മാളക്കൊപ്പം നേമത്തും പോരിനിറങ്ങി. സി.പി.എമ്മിലെ പി. ഫക്കീർഖാനെ കരുണാകരൻ തോൽപിക്കുകയും ചെയ്തു. രണ്ടിടത്തും വിജയിച്ച കരുണാകരൻ നേമം രാജിവെച്ചു. തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ 8289 വോട്ടുകൾക്ക് ജയിച്ചു.
1987ൽ 20755 വോട്ടുകൾക്കും 1991ൽ 6835 വോട്ടുകൾക്കും വി.ജെ. തങ്കപ്പൻ മണ്ഡലം നിലനിർത്തി. 1996ൽ സി.പി.എമ്മിലെ വെങ്ങാനൂർ ഭാസ്കരനൊപ്പമായി വിജയം. തോറ്റത് കോൺഗ്രസിലെ കെ. മോഹൻകുമാറും. 2001ൽ വെങ്ങാന്നൂർ ഭാസ്കരൻ കോൺഗ്രസിലെ എൻ. ശക്തനോട് തോറ്റു. 2006ലും ശക്തൻ വിജയം ആവർത്തിച്ചു. 2011ൽ സി.പി.എമ്മിലെ വി. ശിവൻകുട്ടി വിജയിച്ചത് 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ബി.ജെ.പിയിലെ ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തി. വി. ശിവൻകുട്ടി 50076 വോട്ടും ഒ. രാജഗോപാൽ 43661 വോട്ടും നേടി. യു.ഡി.എഫ് സ്ഥാനാർഥി സോഷ്യലിസ്റ്റ് ജനതയിലെ ചാരുപാറ രവിക്ക് 20248 വോട്ടും.
2016ലെ തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ
ഒ. രാജഗോപാൽ -ബി.ജെ.പി 67813
വി. ശിവൻകുട്ടി -എൽ.ഡി.എഫ് 59142
വി. സുരേന്ദ്രൻ പിള്ള -യു.ഡി.എഫ്13860
രാജഗോപാലിെൻറ ഭൂരിപക്ഷം 8671 വോട്ടുകൾ
2019 പാർലമെൻറ് തെരഞ്ഞെടുപ്പ്
കുമ്മനം രാജശേഖരൻ -ബി.ജെ.പി 58513
ശശി തരൂർ -കോൺഗ്രസ് 46472
സി. ദിവാകരൻ -സി.പി.െഎ 22921
നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരെൻറ ലീഡ് 12041 വോട്ടുകൾ
മുൻസാരഥികൾ, ലഭിച്ച വോട്ടുകൾ
1957 - എ. സദാശിവൻ (സി.പി.ഐ-15998)
1960 - പി. വിശ്വാംഭരൻ (പി.എസ്.പി-28573)
1965 എം. സദാശിവൻ (സി.പി.എം-17756)
1967 എം. സദാശിവൻ (സി.പി.എം-22800)
1970 ജി. കുട്ടപ്പൻ (പി.എസ്.പി-29800)
1977 എസ്. വരദരാജൻ (കോൺഗ്രസ്-32063)
1980 ഇ. രമേശൻ നായർ (കോൺഗ്രസ്-37589)
1982 കെ. കരുണാകരൻ (കോൺഗ്രസ്-36007)
1987 വി.ജെ. തങ്കപ്പൻ (സി.പി.എം -47748)
1991 വി.ജെ. തങ്കപ്പൻ (സി.പി.എം-47036)
1996 വെങ്ങാനൂർ പി. ഭാസ്കരൻ (സി.പി.എം -51139)
2001 എൻ. ശക്തൻ (കോൺഗ്രസ്-56648)
2006 എൻ. ശക്തൻ (കോൺഗ്രസ് -60884)
2011 വി. ശിവൻകുട്ടി (സി.പി.എം-50076)
വോട്ടിങ് ശതമാനം
2016 നിയമസഭ : 74.11
2019 പാർലമെൻറ് : 73.31
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.