നേമത്ത് ബി.ജെ.പി പ്രവർത്തകർ 'കാവിവൽക്കരിച്ച' അംഗൻവാടിക്ക് പുതുനിറം
text_fieldsനേമം: ബി.ജെ.പി പ്രവർത്തകർ 'കാവിവൽക്കരിച്ച' അംഗൻവാടിക്ക് പുതുനിറം. പള്ളിച്ചൽ പഞ്ചായത്ത് ഇടപെട്ട് അംഗൻവാടി കെട്ടിടം പൂർവസ്ഥിതിയിൽ ആക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഇടയ്‌ക്കോട് വാര്‍ഡില്‍ പുല്ലുവിളയില്‍ സാമൂഹികക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 107-ാം നമ്പര്‍ അംഗന്‍വാടി ബി.ജെ.പി പ്രവര്‍ത്തകര്‍ ചേർന്ന് കാവി നിറമുള്ള പെയിൻറടിച്ചത്.
ഇതുകൂടാതെ കിണറിന്റെ ഭാഗത്തായി 'ഓം' എന്ന് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് അധികൃതർ അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചിരുന്നു. വാർഡ് അംഗം ആവശ്യപ്പെട്ടതനുസരിച്ചാണ് അംഗൻവാടി വൈകുന്നേരം ആറുമണിക്ക് ശേഷം തുറന്നു നൽകിയതെന്നും കാവിനിറം അടിക്കാൻ പാടില്ല എന്നുള്ളത് അറിയില്ലായിരുന്നു എന്നുമാണ് ഇവർ വിശദീകരിച്ചത്. എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ല.
വിവാദമായ സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെടുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ അംഗൻവാടി കെട്ടിടം നിറം പൂപൂർവസ്ഥിതിയിൽ ആക്കാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അംഗൻവാടി കെട്ടിടത്തിൻറെ പെയിൻറ് മാറ്റി പുതിയ നിറം അടിച്ചത്. ഇളം പച്ചനിറമാണ് ഇപ്പോൾ അംഗൻവാടി കെട്ടിടത്തിന് നൽകിയിരിക്കുന്നത്.
സ്ഥലത്ത് സംഘർഷ സാധ്യത; മൂന്ന് സ്റ്റേഷനുകളിൽ നിന്ന് പൊലീസ് എത്തി
നേമം: അംഗൻവാടി കെട്ടിടത്തിൻറെ നിറം മാറ്റാൻ അനുവദിക്കുകയില്ല എന്ന് പറഞ്ഞു ബി.ജെ.പി പ്രവർത്തകർ സംഘടിച്ച് എത്തിയതോടെ സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടായി. ഇതോടെ നരുവാമൂട്, മലയിൻകീഴ്, കാട്ടാക്കട എന്നീ സ്റ്റേഷനുകളിൽ നിന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി.
ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള നിരവധി പ്രവർത്തകർ സ്ഥലത്ത് സംഘടിക്കുകയും അംഗൻവാടി കെട്ടിടത്തിന് പെയിൻറ് മാറ്റുന്നത് അനുവദിക്കുകയില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അംഗൻവാടി കെട്ടിടം പാർട്ടിവൽക്കരിക്കാൻ അനുവദിക്കുകയില്ലെന്നും പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക അറിയിച്ചു.
ഒത്തുതീർപ്പ് ചർച്ചയെത്തുടർന്ന് ഒടുവിൽ ബി.ജെ.പി പ്രവർത്തകർ വഴങ്ങുകയും പഞ്ചായത്ത് തീരുമാനം നടപ്പാക്കുകയും ചെയ്തു. പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് ഒടുവിൽ വൈകുന്നേരം അഞ്ച് മണിയോടുകൂടിയാണ് അംഗൻവാടി കെട്ടിടം പൂർണമായും പെയിൻറ് ചെയ്തത്. അതേസമയം അംഗൻവാടി കെട്ടിടം കാവിവൽക്കരിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ നരുവാമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.