കരാറുകാരുടെ നിസ്സഹകരണം റോഡുപണിക്ക് തടസ്സം -മന്ത്രി
text_fieldsനേമം: കരാറുകാരുടെ നിസ്സഹകരണം റോഡുപണിക്ക് തടസ്സം നില്‍ക്കുന്നുണ്ടെന്നും എത്രവലിയ കരാറുകാരനായാലും സര്ക്കാര്നിബന്ധനകള് അനുസരിച്ചില്ലെങ്കില്‍ പിരിച്ചുവിടുകതന്നെ ചെയ്യുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂജപ്പുര മുടവന്മുകള് പാലത്തിന്റെ നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പണിതീരാത്ത റോഡുകളും ഓടകളും ജനങ്ങളെ ദുരിതത്തിലാക്കുന്നെന്ന കടകംപള്ളി സുരേന്ദ്രന് എം.എല്‍.എയുടെ പ്രതികരണത്തിനുള്ള മറുപടികൂടിയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന.
എല്ലാ റോഡുകളും ഒരുമിച്ച് ഒറ്റക്കരാര്‍ നല്‍കാതെ കരാറുകള്‍ വിഭജിച്ചു നല്‍കിയതോടെ പണി ഇപ്പോള്‍ നേമം മണ്ഡലത്തില്‍ ഭംഗിയായി നടക്കുകയാണെന്നും സ്മാര്‍ട്ട് സിറ്റി റോഡുകളുടെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിന്റെ മുഖച്ഛായ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ എസ്റ്റേറ്റ് വാര്‍ഡിലെ സത്യന് നഗറില്‍ നിർമാണം ആരംഭിക്കുന്ന പാലം വരുന്നത് കരമന നദിക്കു കുറുകെയാണ്. 13.6 കോടി രൂപയാണ് നിർമാണച്ചെലവ്. 2.25 കോടി രൂപ നഷ്ടപരിഹാരം നല്കി 18 പേരില്‍നിന്നും ഇതിനായി ഭൂമി ഏറ്റെടുക്കുകയുണ്ടായി. 11 മീറ്റര്‍ വീതിയില്‍ 7.5 മീറ്റര്‍ വാഹന പാതയും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെയാണ് പാലം നിർമാണം. 230 മീറ്ററില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
മന്ത്രി ജി.ആര്. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.