കോഴി മാലിന്യം റോഡിൽ; ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണു
text_fieldsനേമം: ദേശീയപാതയില്‍ നരുവാമൂട് സ്റ്റേഷന് പരിധിയില്‍ പാരൂര്ക്കുഴിയില് രാത്രിയുടെ മറവില്‍ ചീഞ്ഞ കോഴിവേസ്റ്റ് നിക്ഷേപിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി അഞ്ച് ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണു. നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികരും രണ്ട് സ്കൂട്ടര്‍ യാത്രികരുമാണ് റോഡില്‍ തെന്നിവീണത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
തിരുവനന്തപുരത്തേക്ക് പോകുന്ന വണ്‍വേ റോഡിലും സുരക്ഷാവേലിയുടെ സമീപവുമാണ് മാലിന്യം നിക്ഷേപിച്ചത്. ശനിയാഴ്ച ടിപ്പര്ലോറിയിലാണ് മാലിന്യം കൊണ്ടുവന്നതെന്നും ഇത് നിക്ഷേപിക്കുന്നതിനിടെ പിടികൂടുമെന്നായപ്പോള്‍ മാലിന്യവുമായി വന്നവര്‍ രക്ഷപ്പെട്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
റോഡിലാകെ മാലിന്യം വീണതോടെ 200 മീറ്ററോളം ഭാഗം ദുര്‍ഗന്ധപൂരിതമായി. കച്ചവടസ്ഥാപനങ്ങളിലുള്ളവരും വഴിയാത്രികരും ഏറെബുദ്ധിമുട്ടി. പരാതിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഫയര്‍സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ ജി. പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്.
ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുവെങ്കിലും ദുര്‍ഗന്ധം പൂര്‍ണമായി അകന്നിട്ടില്ല. ദേശീയപാതയില്‍ നടപ്പാതക്ക് സമീപത്തെ കാടുപിടിച്ച ഭാഗങ്ങളില്‍ മാലിന്യനിക്ഷേപം പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം മൂന്നുദിവസത്തിനുമുമ്പും ഈ ഭാഗത്ത് മാലിന്യനിക്ഷേപം ഉണ്ടായിരുന്നുവെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും നരുവാമൂട് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.