മാലിന്യം നിറഞ്ഞ് പാരൂർക്കുഴി
text_fieldsനേമം: പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യമടക്കം വലിയ തോതിൽ തള്ളുന്നതിനാൽ വഴിയാത്രികർ ദുരിതത്തിൽ. കരമന-കളിയിക്കാവിള ദേശീയപാതയിൽ പാരൂർക്കുഴി ജങ്ഷനടുത്ത് തിരുവനന്തപുരം ഭാഗത്തേക്കുള്ള നടപ്പാതയിലാണ് മാലിന്യം തള്ളുന്നത്.
ഇന്റർലോക്ക് ചെയ്തിട്ടുള്ള നടപ്പാതയുടെ ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുന്നതാണ് മാലിന്യം നിക്ഷേപകർക്ക് സൗകര്യമാവുന്നത്. പ്ലാസ്റ്റിക് കവറുകളും മത്സ്യ-മാംസ അവശിഷ്ടങ്ങളും ചാക്കുകളിലാക്കിയ മാലിന്യവും പച്ചക്കറിയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഇടയ്ക്കിടെ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും നിലച്ച മട്ടാണ്. പ്ലാസ്റ്റിക് മാലിന്യവും കുന്നുകൂടിയതോടെ നടപ്പാതയിലും റോഡിലേക്കും ഇവ വ്യാപിച്ചു.
രാത്രിയിൽ ഇതുവഴി വാഹനങ്ങളിലൂടെ കടന്നുപോകുന്നവരാണ് പ്രധാനമായും മാലിന്യം നിക്ഷേപിച്ചു കടന്നുകളയുന്നത്. സമീപത്തെ അറവുശാലകളിൽനിന്നും മാലിന്യം കൊണ്ടുവന്ന് തള്ളുന്നുണ്ട്. പാരൂർക്കുഴിയിലെ മാലിന്യ നിക്ഷേപം ഇല്ലാതാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.