ശാസ്ത തിയേറ്റര്‍: ആരവങ്ങള്‍ക്ക് ഇനി കാലം സാക്ഷി...
text_fieldsനേമം: ഒരുകാലത്ത് നാടിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന ശാസ്ത തിയേറ്റര്‍ ഇന്ന് ഓര്മ മാത്രമായി. കാടുമൂടി ഇഴജന്തുക്കളുടെ താവളമാണ് വിളപ്പില്‍ശാലയിലെ ഈ സിനിമാശാല. 1978ല്‍ നാട്ടുകാരനായ ജി. ശ്രീകണ്ഠന് നായര്‍ സിനിമാപ്രേമികള്‍ക്കായി തന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചതാണ് ശാസ്ത തിയേറ്റര്‍. 'ശ്രീ ഗുരുവായൂരപ്പന്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചായിരുന്നു തുടക്കം.
ഓലപ്പുരയായിരുന്ന തിയേറ്റര്‍ ഇടക്ക് തീകത്തി നശിച്ചു. നല്ലൊരു സിനിമാപ്രേമി കൂടിയായ ശ്രീകണ്ഠന് നായര്‍ ഷീറ്റ് മേഞ്ഞ് തീയറ്റര്‍ പുതുക്കിപ്പണിതു. ബ്ലാക്ക് ആൻഡ് വൈറ്റ് മുതല്‍ കളര്‍ സിനിമകള്‍ വരെ വെള്ളിത്തിരയില്‍ തെളിയിച്ച ശാസ്ത നാട്ടിലെ ഏക സിനിമാശാലയായി തലയുയര്‍ത്തി നിന്നത് നീണ്ട 30 വര്‍ഷം. ഗ്രാമീണ സിനിമാശാലകള്‍ നഷ്ടത്തിലോടാന്‍ തുടങ്ങിയ 2000ല്‍ ഇന്റര്‍നെറ്റിനും ടെലിവിഷനും മുന്നിലേക്ക് സിനിമാസ്വാദനം വഴിമാറിയതോ, സിനിമകള്‍ തേടി ഗ്രാമവാസികള്‍ നഗരം തേടിയതോ, കാലത്തിനൊത്ത് സിനിമാശാല മാറാത്തതോ ശാസ്തയുടെ അടച്ചുപൂട്ടലിനും കാരണമായി.
2010ല്‍ ശ്രീകണ്ഠന് നായര്‍ തിയേറ്റര്കെട്ടിടം ഉള്‍പ്പടെ ഭൂമി ഒരു വക്കീലിന് വിറ്റു. വക്കീലില്‍നിന്ന് നാല് വര്‍ഷം മുമ്പ് സിസ ഫൗണ്ടേഷന് ഭൂമിയും തിയേറ്റര്‍ കെട്ടിടവും വിലയ്ക്കുവാങ്ങി. ഇപ്പോള്‍ വിഴിഞ്ഞം-നവായിക്കുളം ഔട്ടര്‍ റിങ് റോഡിനായി ഏറ്റെടുത്ത ഭൂമിയാണിത്.
റോഡ് നിർമാണം ആരംഭിക്കുമ്പോള്‍ പഴയ ശാസ്ത തിയേറ്ററിന്റെ ശേഷിക്കുന്ന അടയാളവും ഇടിച്ചു നിരത്തപ്പെടും. അതോടെ ശാസ്തയുടെ വസന്തകാലം പഴമക്കാരുടെ ഓര്‍മയില്‍ മാത്രമാകും. മറക്കാന്‍ ഇഷ്ടപ്പെടാത്ത പഴങ്കഥയായി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.