ശാസ്താംപാറക്കുണ്ട് കുന്നോളം സ്വപ്നങ്ങള്‍
text_fieldsനേമം: വികസനവഴിയില്‍ കാലിടറി ശാസ്താംപാറ. കേരളത്തിലെ ആദ്യ സാഹസിക ടൂറിസം അക്കാദമി വിളപ്പില്‍ശാലയിലെ ശാസ്താംപാറയില്‍ സ്ഥാപിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ട് അഞ്ചുവര്‍ഷം. ശാസ്താംപാറയെ സമീപത്തുള്ള കാരോട് വാര്‍ഡിലെ കടുമ്പുപാറയുമായി ബന്ധിപ്പിച്ച് ടൂറിസം ഹബ്ബായി മാറ്റുമെന്ന പ്രഖ്യാപനവും ജലരേഖയായി. ലോക ടൂറിസം ഭൂപടത്തിന്റെ നെറുകയില്‍ ശാസ്താംപാറയും എത്തുമെന്ന് കരുതിയവര്‍ നിരാശയിലാണിന്ന്. വിസ്തൃതമായ പാറപ്പരപ്പും പ്രകൃതിരമണീയ കാഴ്ചകളും നിറഞ്ഞ നഗരത്തിന്റെ മേല്‍ക്കൂരയാണ് ശാസ്താംപാറ. സഞ്ചാരികളുടെ മനം നിറക്കുന്ന ഗ്രാമീണ ടൂറിസം കേന്ദ്രം.
പാറക്ക് മുകളില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാം... അറബിക്കടലും അഗസ്ത്യമലയും പൊന്മുടിയുമൊക്കെ വിദൂരകാഴ്ചയിലെത്തും.... പിന്നെ സദാനേരം ഇളംകാറ്റിന്റെ തലോടലേറ്റ് കുളിരണിയാം...! സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടെയാണ് അന്തര്‍ദേശീയ നിലവാരത്തില്‍ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി സ്ഥാപിക്കാന്‍ ടൂറിസംവകുപ്പ് ലക്ഷ്യമിട്ടത്. 13ഏക്കര്‍ സ്ഥലം ശാസ്താംപാറയില്‍ റവന്യൂവിഭാഗം 2019 ല്‍ അക്കാദമി സ്ഥാപിക്കാന്‍ കണ്ടെത്തി. ഭൂമി കൈമാറിയിട്ടും നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഒമ്പത് കോടി ചെലവുവരുന്നതാണ് പദ്ധതി. റോക്ക് ക്ലൈംബിങ്, ഹൈ റോപ്പ് കോഴ്സ്, സിപ് ലൈന്‍, സ്കൈ സൈക്ലിങ്, പെയിന്റ് ബാള്‍, ഷൂട്ടിങ് ആര്‍ച്ചറി റേഞ്ച്, കൈറ്റ് ഫ്ലൈയിങ് തുടങ്ങിയ ഇനങ്ങളിലുള്ള പരിശീലനം, ക്ലാസ് മുറികള്‍, ഹോസ്റ്റല്‍, മെഡിക്കല്‍ റൂം, ഓഫിസ്, സെമിനാര്‍ ഹാള്‍, യോഗ ഹാള്‍, പാര്‍ക്കിങ് ഏരിയ, പരിശീലകര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് പദ്ധതിക്കായി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.