വിളപ്പിൽ പഞ്ചായത്ത് പരിധിയിൽ നായ് ശല്യം വീണ്ടും വർധിച്ചു
text_fieldsനേമം: ഒരിടവേളക്കുശേഷം വിളപ്പിൽ പഞ്ചായത്ത് പരിധിയിൽ നായ്ശല്യം അധികരിക്കുന്നു. കൂട്ടമായി വിഹരിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രികരെയും വാഹന യാത്രികരെയും ഒരുപോലെ ആക്രമിക്കുന്നു. മൊത്തം 20 വാർഡുകളുള്ള വിളപ്പിൽ പഞ്ചായത്തിൽ അഞ്ച് വാർഡുകളിലാണ് സ്ഥിതിഗതികൾ രൂക്ഷമായത്.
ഒരു പ്രത്യേക പ്രദേശത്ത് ഒത്തുകൂടുന്ന തെരുവു നായ്ക്കൾ മറ്റുള്ള നായ്ക്കളെ ഈ പ്രദേശങ്ങളിലേക്ക് അടുപ്പിക്കുകയില്ല. കൂട്ടംചേർന്ന് സഞ്ചരിക്കുന്ന ഇവ രാത്രി യാത്രക്കാർക്കാണ് പ്രധാനമായും ഭീഷണി സൃഷ്ടിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായി തുടരുന്ന മാലിന്യ നിക്ഷേപവും അറവുശാലകളിലെ അവശിഷ്ടങ്ങളും നായ്ക്കളുടെ ശല്യം പെരുകുന്നതിന് കാരണമായിട്ടുണ്ട്.
സ്ഥിരമായി അറവുമാലിന്യം അന്വേഷിച്ചെത്തുന്ന നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളായി മാറുന്നത്. തെരുവു വിളക്കുകൾ പ്രകാശിക്കാത്ത പാതകളിൽ കാൽനടയാത്രക്കാർ വന്നുപെട്ടാൽ നായ്ക്കളുടെ കടിയേൽക്കുമെന്നത് ഉറപ്പാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവ ഭീഷണിയായി തീർന്നിട്ട് കുറേനാളായി. വന്ധ്യംകരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കർശനമായ നിയമങ്ങൾ നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ചില പ്രത്യേക പ്രദേശങ്ങളിൽ നായ്ക്കളെ ഭയന്ന് രാത്രികാലങ്ങളിൽ ആൾക്കാർ പുറത്തിറങ്ങാറില്ല. നായ്ക്കൾ പെറ്റുവരുന്ന അവസ്ഥ മാറണമെങ്കിൽ വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കുക മാത്രമാണ് മാർഗ്ഗം. പഞ്ചായത്ത് പരിധിയിലെ പള്ളിമുക്ക്, പേയാട്, അലകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ നായ് ശല്യം ക്രമാതീതമായി. അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് രാത്രികാലങ്ങളിൽ ഭീഷണിയാകുന്നതായി വ്യാപക പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.